ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ ഹിമപാതം മൂലം മരിച്ച സൈനികരുടെ എണ്ണം പത്തായി. ഏതാനും പേരെ കാണാതായി. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. അതേസമയം മോശം കാലാവസ്ഥ രക്ഷാപ്രര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ബന്ദിപ്പൂര്‍ ജില്ലയിലുള്ള ഗുരെസ് സെക്ടറിലാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള സ്ഥലമാണിത്. ആര്‍മി ക്യാമ്പും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മഞ്ഞുമലക്കുളളില്‍ കുടങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
അതേസമയം മൂന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇന്നലെയും ഇതെ സ്ഥലത്ത് ഹിമപാതമുണ്ടായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന സൈനികരാണ് ഇവിടെ അപകടത്തില്‍പെട്ടത്. ഒരു മേജര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. മഞ്ഞുവീഴ്ച കഠിനമായതിനെ തുടര്‍ന്നു ശ്രീനഗര്‍ജമ്മു ദേശീയപാത അടച്ചു. ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും ഇന്നലെ റദ്ദാക്കി.
സൊനമാര്‍ഗിലെ ഹൈ ആള്‍ട്ടിട്യൂഡ് വാര്‍ഫെയര്‍ സ്‌കൂളിലെ മേജര്‍ അമിതാണു ഹിമപാതത്തില്‍പ്പെട്ടു മരിച്ച സൈനിക ഓഫിസര്‍. കനത്ത ഹിമപാതത്തെ തുടര്‍ന്ന് സൈനികര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇപ്പോഴും മഞ്ഞുവീഴ്ച തുടരുകയാണ്..