X

സ്‌ഫോടനം നടത്താന്‍ ആറു മാസം, ഇന്റലിജന്‍സ് ഒന്നുമറിഞ്ഞില്ല

കൊച്ചി: മൂന്നു പേരുടെ മരണത്തിനിടയാക്കിയ കളമശേരി സ്‌ഫോടനത്തിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ ആറുമാസമായി ബോംബ് നിര്‍മാണത്തിനുള്ള പരിശീലനത്തിലായിരുന്നുവെന്ന് സൂചന. ഇന്റര്‍നെറ്റിലൂടെയാണ് ബോംബുണ്ടാക്കാന്‍ പഠിച്ചതെന്ന് ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഗൂഗിളും യൂട്യൂബുമായിരുന്നു ആശ്രയമെന്നാണ് മൊഴി. എന്നാല്‍ ഇന്റര്‍നെറ്റില്‍ റെഡ് ടാഗ് ചെയ്യപ്പെട്ട വാക്കുകള്‍ ഒരാള്‍ 6 മാസമായി സെര്‍ച്ച് ചെയ്യുമ്പോഴും ഇതേക്കുറിച്ച് ഒരു സൂചന പോലും ഇന്റലിജന്‍സിനോ ആഭ്യന്തര വകുപ്പിനോ ലഭിക്കാത്തത് ദുരൂഹമാണെന്ന് ആരോപണമുയരുന്നുണ്ട്.

സാധാരണ നിലയില്‍ റെഡ് #ാഗ് ചെയ്യപ്പെട്ട വാക്കുകള്‍, പ്രത്യേകിച്ച് സ്‌ഫോടക വസ്തുക്കളെ പറ്റി ആവര്‍ത്തിച്ച് തിരയുമ്പോള്‍, പൊലീസിന്റെ നിരീക്ഷണ സോഫ്റ്റ്‌വെയറുകളിലും സിസ്റ്റങ്ങളിലും അപായ സൂചന നല്‍കേണ്ടതാണ്. എന്നാല്‍ ഇവിടെ ഇക്കാര്യം പൊലീസ് അറിഞ്ഞത് പോലുമില്ല. മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇന്റലിജന്‍സ് വകുപ്പിന്റെയും സൈബര്‍ ക്രൈം ഡിവിഷന്റെയും കാര്യക്ഷമതയില്ലായ്മയുടെ ഫലം കൂടിയാണ് ദുരന്തമെന്ന് വിമര്‍ശനം ഉയരുന്നു. കളമശേരിയിലെ ഇന്റലിജന്‍സ് വീഴ്ച്ചക്ക് പിണറായി മറുപടി പറയണമെന്നും, ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആവശ്യപ്പെട്ടു. സ്വന്തം സുരക്ഷ അടിക്കടി വര്‍ധിപ്പിക്കുന്ന പിണറായി വിജയന്‍ സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷക്ക് യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ല എന്ന് ഓരോ ദിവസവും വ്യക്തമാകുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന പാലനം തകര്‍ന്നിട്ട് ഏഴുവര്‍ഷങ്ങള്‍ പിന്നിടുന്നു. ബോംബ് സ്‌ഫോടനങ്ങള്‍ കൂടി നടന്നതോടു കൂടി കേരളം ലോകത്തിനു മുമ്പില്‍ തലകുനിക്കേണ്ട അവസ്ഥ സംജാതമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

webdesk11: