X

സൽമാൻ രാജാവിന്റെ അതിഥികളായി ആറ് മലയാളികളും

മക്ക: ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി തൊണ്ണൂറ് രാജ്യങ്ങളിൽ നിന്നായി 1300 തീർത്ഥാടകർ മക്കയിലെത്തി. ഇതുകൂടാതെ ഫലസ്തീനിൽ നിന്ന് ആയിരം പേർക്കും രാജാവിന്റെ അതിഥികളായി അവസരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ളവരിൽ ആറ് മലയാളികളുമുണ്ട്. ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹി, ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ, ഡോ. കെ. മുഹമ്മദ് ബഷീർ, ഫൈസൽ മൗലവി, വി പി നൗഫൽ മദീനി, ടി. അബ്ദുൽ വാരിസ് എന്നിവരാണ് രാജാവിന്റെ അതിഥികളായി മക്കയിലെത്തിയ മലയാളികൾ.

ആഭ്യന്തര തീർത്ഥാടകർ ഇന്ന് മക്കയിൽ

മക്ക : ഇക്കൊല്ലത്തെ ഹജ്ജിന് അവസരം ലഭിച്ച ആഭ്യന്തര ഹാജിമാരുടെ എണ്ണം നാല് ലക്ഷത്തിലധികം വരും. ഇവർ സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പുണ്യഭൂമിയെ ലക്ഷ്യമാക്കി ഇന്നലെ പ്രയാണമാരംഭിച്ചു. മക്കയിൽ പ്രവേശിച്ച ഉടനെ ഖുദൂമിന്റെ ത്വവാഫ് നിർവഹിച്ചായിരിക്കും ഇവർ മിനായിലേക്ക് പുറപ്പെടുക. നിശ്ചയിക്കപ്പെട്ട സമയത്തിനകം എത്തുന്നവർക്കാണ് ഇത്തരത്തിൽ ത്വവാഫ് നിർവഹിക്കാൻ സാധിക്കുക. മക്കയിൽ നിന്നുള്ളവരും സഊദിയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് പല കാരണങ്ങളാൽ വൈകിയെത്തുന്നവരും നേരെ മിനായിലെ തങ്ങൾക്കനുവദിച്ച ടെന്റുകൾ ലക്ഷ്യമാക്കി നീങ്ങും.

ഹജ്ജ് സീസൺ അത്യുഷ്ണത്തിൽ

മക്ക : ഹജ്ജിന്റെ കർമ്മങ്ങൾ നടക്കുന്ന വേളയിൽ പുണ്യപ്രദേശങ്ങളിൽ അത്യുഷ്ണമാണ് മക്കയിൽ. ഹജ്ജ് സീസണിൽ 40 മുതൽ 44 വരെ ഡിഗ്രി സെൽഷ്യസിലായിരിക്കും ഉഷ്ണം ബാധിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം . പകൽ സമയങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 18 മുതൽ 35 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റടിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.

തീർത്ഥാടകർ സൂര്യ താപം ഏൽക്കുന്നത് സൂക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടുത്ത വെയിലേൽക്കുന്നത് ഹീറ്റ് സ്‌ട്രോക്കിലേക്ക് നയിച്ചേക്കുമെന്നും അധിക നേരം ചൂടിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നുമാണ് നിർദേശം.നടക്കുന്ന സമയങ്ങളിൽ കുടകൾ ഉപയോഗിക്കാനും തണലുള്ള ഭാഗങ്ങളിൽ നിൽക്കാനും ശ്രദ്ധിക്കണം. നടപ്പാതകൾ ശീതീകരിക്കുന്നുവെങ്കിലും ശക്തമായ ഉഷ്‌ണത്തെ അതിജീവിക്കാൻ തീർത്ഥാടകർ മുൻകരുതലുകളെടുക്കണം

14 ഭാഷകളിൽ പരിഭാഷകരുടെ സഹായം

മക്ക : ‘നിങ്ങളെ നിങ്ങളുടെ ഭാഷായിൽ ഞങ്ങൾ വഴി നടത്താം’ എന്ന പരിപാടിയിലൂടെ ഹജ്ജിനെത്തുന്ന തീർത്ഥാടകർക്ക് ഹജ്ജുമായി ബന്ധപ്പെട്ട കർമ്മങ്ങൾ കൃത്യമായി ബോധ്യപ്പെടുത്താൻ പരിഭാഷകരുടെ സഹായമുണ്ടാകും. കഴിഞ്ഞവർഷം ഏർപ്പെടുത്തിയ ഈ സംവിധാനം ഒട്ടേറെ തീർത്ഥാടകർക്ക് ഏറെ ആശ്വാസമായിരുന്നു. . 24 മണിക്കൂറും സേവനങ്ങൾ ലഭിക്കാൻ അറബിയോടൊപ്പം ഇംഗ്ലീഷ്, തുർക്കി, ഉറുദു, ഫാരിസി , സ്പാനിഷ് , ഫ്രഞ്ച് , ബംഗാളി , മലായി , ഇന്തോനേഷ്യൻ, തമിഴ് , മാലി തുടങ്ങിയ 14 ഭാഷകളിലാണ് പരിഭാഷകരുടെ സേവനം ലഭ്യമാവുകയെന്ന ഗൈഡൻസ് ആൻഡ് ട്രാൻസ്‌ലേഷൻ വിഭാഗം അറിയിച്ചു . ഫോൺ വഴിയും നേരിട്ടും സേവനം ലഭ്യമാക്കും. പുണ്യകർമ്മങ്ങൾ പരിചയപ്പെടുത്തുന്ന ലഘു പുസ്തകങ്ങളും വിതരണം ചെയ്യും .

മദീനയിൽ ചികിസലയിലുള്ളവരെ മിനായിലെത്തിച്ചു

മക്ക: ഹജ്ജ് കർമ്മത്തിനെത്തി അസുഖബാധിതരായി മദീനയിലെ ആശുപത്രികളിൽ കഴിഞ്ഞിരുന്ന പതിനാറ് വിദേശ തീർത്ഥാടകരെ പ്രത്യേക ആംബുലൻസിൽ ഹജ്ജ് കർമ്മത്തിനായി മിനായിലേക്ക് കൊണ്ടുവന്നു. മിനായിലെ വിവിധ ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ ഇവർ ഹജ്ജ് കർമ്മം പൂർത്തിയാക്കും.
27 ആംബുലൻസുകളും സഹായത്തിന് ഏഴ് മറ്റു വാഹനങ്ങളും ഉപയോഗിച്ചു. രോഗികളെ അനുഗമിക്കുന്നവർക്ക് വേണ്ടി പ്രത്യേക ബസുകളും മൊബൈൽ ക്ലിനിക്കും ഏർപ്പെടുത്തിയിരുന്നു.

വാഹനങ്ങളെ നിരീക്ഷിക്കാൻ വെർച്വൽ കണ്ണടകൾ

മക്ക : പുതുമകളുടേതാണ് ഇക്കൊല്ലത്തെ ഹജ്ജ് കാലം. സെൽഫ് ഡ്രൈവിങ് ബസിന് പുറമെ ഹജ്ജ് വേളയിൽ വാഹനങ്ങളെ നിരീക്ഷിക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥർക്ക് വെർച്വൽ കണ്ണടകൾ നൽകി സഊദി പൊതു ഗതാഗത അതോറിറ്റി. ചെക്ക് പോസ്റ്റുകളിലും മറ്റു പരിശോധന കേന്ദ്രങ്ങളിലുമുള്ള തിരക്ക് കുറക്കാനും പരിശോധന നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുമാണ് നൂതനമായ സംവിധാനം ഏർപ്പെടുത്തിയത്. ഓഗ് മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യ വഴിയുള്ള ഈ കണ്ണടകൾ ഉപയോഗിച്ച് ഗതാഗത നിയമങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടോ നിരീക്ഷിക്കാൻ സാധിക്കും. നിയമലംഘനം പെട്ടെന്ന് കണ്ടെത്താനും പിടികൂടാനും സാധിക്കുന്നതാണ് ഈ കണ്ണടകളിലൂടെയുള്ള നിരീക്ഷണം.

അനുമതിയില്ലാതെ ഹജ്ജിനെത്തിയ 159188 പേരെ പിടികൂടി

മക്ക : അനുമതിയില്ലാതെ ഹജ്ജിനെത്തിയ 159188 പേരെ പിടികൂടി തിരിച്ചയച്ചതായി പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. 83 വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങളെയും കണ്ടെത്തി നിയനമനടപടികൾ ആരംഭച്ചതായി പൊതു സുരക്ഷാ മേധാവി ജനറൽ മുഹമ്മദ് അൽ ബസാമി പറഞ്ഞു. ഹജ്ജ് ചെയ്യണമെന്ന ഉദ്ദേശത്തോടെ മക്കയിൽ കഴിഞ്ഞ 5868 പേരെയും മതിയായ രേഖകളില്ലാതെ ആളുകളെ ഹജ്ജിന് കൊണ്ടുവന്ന കേസിൽ ഒമ്പത് ഡ്രൈവര്മാരെയും പിടികൂടി. 118000 വാഹനങ്ങൾ മക്കയിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലെത്തിയാൽ കടുത്ത ശിക്ഷ

മക്ക: ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന വേളയിൽ ഹജ്ജ് പെർമിറ്റില്ലാതെ മക്കയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നവരെ കടുത്ത ശിക്ഷ നപടികൾക്ക് വിധേയമാക്കുമെന്ന് പൊതു സുരക്ഷാ മേധാവി ജനറൽ മുഹമ്മദ് അൽ ബസാമി മുന്നറിയിപ്പ് നൽകി . ഇതിനായി ചെക്ക് പോസ്റ്റുകളിൽ ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളുണ്ടാകും. പെർമിറ്റില്ലാത്തവരെ ഹജ്ജിനായി അനധികൃതമായി കൊണ്ടുവരികയും നിയമം ലംഘിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ ചെക്ക്‌പോസ്റ്റുകളിൽ പിടിക്കപ്പെട്ടാൽ ഈ കമ്മിറ്റി വഴി ഉടൻ ശിക്ഷ നടപടിയുണ്ടാകും. പിടിയിലായാൽ അമ്പതിനായിരം റിയാൽ പിഴയും തടവുമാണ് നേരത്തെ പ്രഖ്യാപിച്ച ശിക്ഷ. വാഹനം പിടിക്കപ്പെട്ടാൽ അതിലുള്ള ആളുകളുടെ എണ്ണമനുസരിച്ച് ബസ് ഡ്രൈവർക്ക് പിഴ സംഖ്യ കൂടും. വാഹനങ്ങൾ കണ്ടുകെട്ടുകയും ഇത്തരക്കാരെ നാട് കടത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി .

webdesk13: