ബിഹാർ മുഖ്യമന്ത്രിയും ഐക്യജനതാദൾ തലവനുമായ നിതീഷ് കുമാറിനെ പിന്നിൽ നിന്ന് കുത്തി സഖ്യകക്ഷിയായ ബി.ജെ.പി. അരുണാചൽ പ്രദേശിൽ നിതീഷിന്റെ പാർട്ടിക്കുള്ള ഏഴ് എം.എൽ.എമാരിൽ ആറു പേരെയും ബി.ജെ.പി സ്വന്തം പാളയത്തിലെത്തിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെയാണ് എം.എൽ.എമാമരുടെ കൂടുമാറ്റം.
താലം തബോ, ഹയെങ് മങ്ഫി, ജിക്കെ താക്കോ, ദോർജി വാങ്ഡി ഖർമ, ദോങ്‌റു സിയോങ്ജു, കങ്കോങ് ഠാകു എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. ഇതിൽ മൂന്ന് എം.എൽ.എമാർക്കെതിരെ കഴിഞ്ഞ മാസം പാർട്ടിവിരുദ്ധ നടപടികളുടെ പേരിൽ ഐക്യജനതാദൾ കാരണംകാണിക്കൽ നോട്ടീസയച്ചിരുന്നു.
2019 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ 15 സീറ്റുകൾ മത്സരിച്ചാണ് ജെ.ഡി.യു അരുണാചലിൽ ഏഴ് സീറ്റുകൾ നേടിയത്. 41 സീറ്റുള്ള ബി.ജെ.പിയാണ് സംസ്ഥാനം ഭരിക്കുന്നത്. ആറ് ജെ.ഡി.യു എം.എൽ.എമാരും മറ്റൊരു എം.എൽ.എയും കൂടി കൂടുമാറിയെത്തിയതോടെ അസംബ്ലിയിൽ ബി.ജെ.പിയുടെ അംഗസംഖ്യ 48 ആയി. കോൺഗ്രസിനും നാഷണൽ പീപ്പിൾസ് പാർട്ടിക്കും നാലുവീതം എം.എൽ.എമാരുണ്ട്.