മക്ക-മദീന ഹൈവേയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ച് ആറ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു

മദീന: സൌദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് തീപിടിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച മക്ക – മദീന റോഡില്‍ വാദി ഖുദൈദില്‍ ആയിരുന്നു ദാരുണമായ അപകടം നടന്നത്. അപകടത്തില്‍പ്പെട്ടത് ഇന്തോനേഷ്യന്‍ ഉംറ തീര്‍ത്ഥാടക സംഘമായിരുന്നു. റമദാനില്‍ ഉംറ നിര്‍വഹിക്കാനെത്തിയ 20 ഇന്ത്യോനേഷ്യക്കാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇവര്‍ സഞ്ചരിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ മറ്റു 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ച ആറുപേരില്‍ രണ്ടുപേര്‍ കിഴക്കന്‍ ജാവയിലെ ബോജൊനെഗോറോയില്‍ നിന്നുള്ളവരാണ്.

ബോജൊനെഗോറോ റീജിയണല്‍ ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലെ അംഗമായ എനി സോദര്‍വതിയും, സുംബെറെജോയിലെ മുഹമ്മദിയ ഇസ്ലാമിക് ഹോസ്പിറ്റലിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഡയാന്‍ നോവിറ്റയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജിദ്ദയിലെ ഇന്ത്യോനേഷ്യന കോണ്‍സുലേറ്റ് ജനറല്‍ (കെജെആര്‍ഐ) സംഭവത്തില്‍ ഇടപെടുകയും, ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രാലയം അപകടസ്ഥലത്തേക്ക് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ നടപടികള്‍ക്കുമായി ഒരു സംഘത്തെ അയക്കുകയും ചെയ്തു.

ഇരകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ദുരിതബാധിത കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഉംറ ട്രാവല്‍ ഏജന്‍സികള്‍ എന്നിവയുള്‍പ്പെടെ വിവിധ കക്ഷികളുമായി സര്‍ക്കാര്‍ ഏകോപിപ്പിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലെ ഇന്തോനേഷ്യന്‍ പൗര സംരക്ഷണ ഡയറക്ടര്‍ ജൂധ നുഗ്രഹ, ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും, അതിജീവിച്ച തീര്‍ത്ഥാടകരുടെ അവസ്ഥ സര്‍ക്കാര്‍ തുടര്‍ന്നും നിരീക്ഷിക്കുമെന്ന് ഊന്നിപ്പറയുകയും ചെയ്തു. മൃതദേഹങ്ങള്‍ ഇന്തോനേഷ്യയിലേക്ക് കൊണ്ടുപോകുന്നതും പരിക്കേറ്റവരുടെ പരിചരണവുമാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

webdesk18:
whatsapp
line