മുംബൈ: യാത്രക്കിടയില്‍ ബോംബിനെക്കുറിച്ച് സംസാരിച്ചുവെന്ന് കാണിച്ച് ആറു മലയാളി യുവാക്കള്‍ മുംബൈ റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലായി. നേത്രാവതി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുമ്പോഴാണ് യുവാക്കള്‍ ബോംബിനെക്കുറിച്ച് സംസാരിച്ചതെന്ന് യാത്രക്കാരന്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് മലയാളികളായ യൂനുസ് കെ.കെ, മുഹമ്മദ് ആദിഷ്, മുഹമ്മദ് സിദ്ധീഖ്, യു.എസ് യൂനുസ്, അബ്ദുല്‍ റഊഫ് മുഹമ്മദ് എന്നിവരെ റെയില്‍വേ പോലീസ് പിടികൂടി.
മുംബൈക്ക് പകരം ഇവര്‍ ബോംബെ എന്നാണ് പറഞ്ഞതെന്നും അത് സംശയത്തിനിടയാക്കിയെന്നും പരാതിക്കാരന്‍ പറയുന്നു. ഇലക്ട്രിക് ട്രെയിന്‍ യാത്രക്കിടെ ഇവരുടെ പെരുമാറ്റം സംശയാസ്പദമായിരുന്നുവെന്നും ബോംബിനെക്കുറിച്ച് പറയുന്നത് കേട്ടെന്നുമാണ് സഹയാത്രക്കാരന്റെ പരാതി. ഇവരുടെ വീഡിയോ പകര്‍ത്തിയ ഇയാള്‍ വഴിമധ്യേ തിലക്‌നഗര്‍ സ്റ്റേഷനിലെത്തി വീഡിയോ പോലീസിന് കൈമാറുകയായിരുന്നു.
എന്നാല്‍ സംഭവം യുവാക്കള്‍ നിഷേധിച്ചു. മുംബൈക്ക് പകരം ബോംബെ എന്നാണ് തങ്ങള്‍ പറഞ്ഞതെന്നും അത് തെറ്റിദ്ധരിച്ചതാകാമെന്നും യുവാക്കള്‍ പറഞ്ഞു. മുംബൈയില്‍ ഉറുദു പഠിക്കാനെത്തിയതാണ് തങ്ങളെന്നും അവര്‍ വ്യക്തമാക്കി. സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഇവരെ വിട്ടയക്കുമെന്നും പോലീസ് അറിയിച്ചു.