ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിനെ കാണാതായ സംഭവത്തില്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സിബിഐ. സാധ്യമായ എല്ലാ വഴികളും തേടിയെന്നും എന്നാല്‍ നജീബിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് സി.ബി.ഐ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
കേസന്വേഷണം ഫലപ്രദമല്ലെന്ന് കാട്ടി നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് നല്‍കിയ ഹര്‍ജിയിലാണ് സി.ബി.ഐ കോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ട് വര്‍ഷം സമഗ്രമായി കേസ് അന്വേഷിച്ചുവെന്നും എന്നാല്‍ നജീബിനെ കുറിച്ച് ഒരറിവും ലഭിച്ചില്ലെന്നും സി.ബി.ഐ അറിയിച്ചു.
നേരത്തേ അന്വേഷണത്തിന് ഇന്റര്‍പോള്‍ സഹായം വരെ തേടിയിരുന്നു. നജീബിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇനാമും പ്രഖ്യാപിച്ചിരുന്നു. പ്രതികളെന്ന് നജീബിന്റെ ബന്ധുക്കള്‍ ആരോപിച്ച 9 എ.ബി.വി.പി പ്രവര്‍ത്തകരെ വിശദമായി ചോദ്യം ചെയ്യുകയും ഇവരുടെ മൊബൈല്‍ ഫോണുകളടക്കം പരിശോധിക്കുകയും ചെയ്തിരുന്നു. അതേസമയം ചോദ്യം ചെയ്ത എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ ഒരു തെളിവും ലഭിച്ചില്ലെന്നും സി.ബി.ഐ അറിയിച്ചു.
ഹര്‍ജിയില്‍ വിധി പറയാനായി കോടതി കേസ് മാറ്റിവച്ചിരിക്കുകയാണിപ്പോള്‍. 2016 ഒക്ടോബര്‍ 15നാണ് ജെ.എന്‍.യു സര്‍വകലാശാല ഹോസ്റ്റലില്‍ നിന്നും പി.ജി ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ നജീബിനെ കാണാതായത്. കാണാതായതിന്റെ തലേന്ന് എ.ബി.വി.പി പ്രവര്‍ത്തകരുമായി നജീബ് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ നജീബിന് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താന്‍ ആദ്യം കേസ് അന്വേഷിച്ച ഡല്‍ഹി പൊലീസിനായില്ല. ഇതിനെ തുടര്‍ന്നാണ് സി.ബി.ഐക്ക് കേസ് കൈമാറിയത്. ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് നജീബിന്റെ ഉമ്മയും ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം സമരം നടത്തിയിരുന്നു. ഇന്ത്യ ഒട്ടാകെയുള്ള വിവിധ ക്യാമ്പസുകളിലും നജീബ് തിരോധാനത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സമരപരിപാടികള്‍ നടന്നിരുന്നു.