മുസ്‌ലിം ലീഗ് സ്ഥാപക നേതാക്കളിലൊരാളും നിയമസഭാ സ്പീക്കറുമായിരുന്ന കെ. എം സീതി സാഹിബിന് സ്വാതന്ത്ര്യസമര സേനാനി പദവി നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഭരണതല അന്വേഷണം ആരംഭിച്ചു. പത്രപ്രവര്‍ത്തകനായ ശംസുദീന്‍ വാത്യേടത്തിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണിത്.
ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായുള്ള സമരങ്ങളിലും ഖിലാഫത്ത് പ്രവര്‍ത്ത നങ്ങളിലും മുന്‍നിരയില്‍ നിന്നിരുന്ന കെ.എം സീതി സാഹിബ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചരിത്രമാണ്. എന്നിട്ടും സര്‍ക്കാറിന്റെ രേഖയില്‍ അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനിയായി രേഖപ്പെടുത്തിയിട്ടില്ല.
സര്‍ക്കാര്‍ തൃശൂര്‍ ജില്ലാ കളക്ടറോട് ഇത് സബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് കൊടുങ്ങല്ലൂര്‍ താലൂക്കില്‍ അഴിക്കോട് വില്ലേജില്‍ ജനിച്ച കെ.എം സീതി സാഹിബിനെകുറിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ കൊടുങ്ങല്ലൂര്‍ തഹസില്‍ദാറിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
1925 ല്‍ തിരുവനന്തപുരം കണ്ടോന്‍മന്റ് ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യസമര സമ്മേളനത്തില്‍, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഇംഗ്ലീഷിലുള്ള പ്രസംഗത്തില്‍ പറഞ്ഞ ‘water water every where, nor any to drink’ എന്ന വാക്കുകള്‍ക്ക് പരിഭാഷകനായ സീതി സാഹിബ് പറഞ്ഞ ‘വെള്ളം വെള്ളം സര്‍വ്വത്ര തുള്ളിക്കുടിപ്പാനില്ലത്രേ’ എന്ന സീതിസാഹിബിന്റെ പരിഭാഷ മലയാള ഭാഷക്ക് എന്നും മുതല്‍കൂട്ടാണ്.
1919 – 1925 വിദ്യാഭ്യാസ കാലത്ത് സ്വാതന്ത്ര്യ സമര രംഗത്ത് ബാരിസ്റ്റര്‍ എ.കെ പിള്ളയോടൊപ്പവും വൈക്കം സത്യാഗ്രഹത്തില്‍ കെ പി കേശവമേനോന്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് പുജപ്പുര സെന്‍ട്രല്‍ ജയിലില്‍ സീതി സാഹിബ് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 1922 ല്‍ കോണ്‍ഗ്രസ് നേതാവ് ഗൗരിശങ്കര്‍ മിശ്രയുടെ തിരുവനന്തപുരം ലോ കോളേജ് സന്ദര്‍ശന ത്തിന്റെ കാരണക്കാരനും പ്രസംഗം പരിഭാഷപ്പെടുത്തിയതും സീതി സാഹിബായിരുന്നു. 1929ല്‍ ജവഹര്‍ലാല്‍ നഹ്‌റു ആദ്യമായി അധ്യക്ഷ പദവി വഹിച്ച ഗാന്ധിജിയുടെ പൂര്‍ണ സ്വരാജ് ആവശ്യപ്പെട്ട കോണ്‍ഗ്രസ് ലാഹോര്‍ സമ്മേളത്തില്‍ കൊച്ചി രാജ്യത്തെ പ്രതിനിധിയായി പങ്കെടുത്തത് സീതി സാഹിബായിരുന്നു. കോഴിക്കോട് ഫറൂഖ് കോളേജ് സ്ഥാപിച്ചതും അദ്ദേഹമാണ്. പല തവണ കൊച്ചി നിയമസഭയില്‍ അംഗമായിരുന്നു.
ചന്ദ്രിക ദിനപത്രം ആരംഭിച്ചതും, എം.എസ്.എഫ്, എസ്.ടി.യു, കെ.എം.ഇ.എ തുടങ്ങിയ സംഘടനകള്‍ക്കും രൂപം നല്‍കിയ കെ എം സീതി സാഹിബ് സ്പീക്കറായിരിക്കെ 1961 ഏപ്രില്‍ 17 നാണ് മരണമടഞ്ഞത്.