X
    Categories: MoreViews

‘അക്രമ രാഷ്ട്രീയം സി.പി.എമ്മിന്റെ നയമല്ല. പാര്‍ട്ടിക്ക് പിഴവുണ്ടായെങ്കില്‍ തിരുത്തും’; സീതാറാം യെച്ചൂരി

തൃശൂര്‍: അക്രമ രാഷ്ട്രീയം സി.പി.എമ്മിന്റെ നയമല്ലെന്ന് സീതാറാം യെച്ചൂരി. പാര്‍ട്ടിക്ക് പിഴവുകളോ വ്യതിയാനങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും തൃശൂരില്‍ സി.പി.എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് യെച്ചൂരി പറഞ്ഞു.

അക്രമം തങ്ങളുടെ സംസ്‌കാരമല്ല. എന്നാല്‍ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും യെച്ചൂരി പറഞ്ഞു. പ്രതിരോധിച്ചും സംരക്ഷിച്ചും മാത്രമേ മുന്നോട്ട് പോകാനാവൂ. രാജ്യത്തിന്റെ അടിസ്ഥാനസ്വഭാവത്തെ ബി.ജെ.പി കടന്നാക്രമിക്കുകയാണ്. ഭരണകൂടത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റാന്‍ ബി.ജെ.പി ശ്രമിക്കുന്നു. ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും എന്നാല്‍ ഇതിന്റെയര്‍ത്ഥം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്നല്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരായി പരമാവധി വോട്ടുകള്‍ സമാഹരിക്കും. രാജ്യം കടുന്നു പോകുന്നത് മുമ്പില്ലാത്ത വിധം വെല്ലുവിളി നിറഞ്ഞ നാളുകളിലൂടെയാണ്. വ്യവസായികള്‍ തട്ടിപ്പ് നടത്തി രാജ്യം വിടുമ്പോഴും പ്രധാനമന്ത്രി ഒരക്ഷരം ഉരിയാടുന്നില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി എന്നീ പേരുകളില്‍ അസാധാരണ സാമ്യമുണ്ട്. കര്‍ഷകരുടെ വായ്പ എഴുതി തള്ളാത്ത സര്‍ക്കാര്‍ ഇതിലും മൂന്നിരട്ടി വരുന്ന തുകയാണ് കോര്‍പ്പറേറ്റുകള്‍ക്ക് ഒഴിവാക്കി കൊടുക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

chandrika: