X

കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണര്‍ വാജുഭായ് വാലക്കെതിരെ വിമര്‍ശനവുമായി സി.പി.എം ദേശീയ നേതാവ് സീതാറാം യെച്ചൂരി. ഗവര്‍ണര്‍ കുതിരക്കച്ചവടത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു.

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ മന:പ്പൂര്‍വ്വം വൈകിപ്പിക്കുന്നത് ഇതിനാണ്. മണിപ്പൂരിലും ഗോവയിലും ഗവര്‍ണര്‍മാര്‍ സ്വീകരിച്ച നടപടി തന്നെ കര്‍ണാടകയിലും സ്വീകരിക്കണമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വിളിച്ചില്ലെങ്കില്‍ മൂന്നു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. എം.എല്‍.എമാരുമായി രാജ്ഭവനു മുന്നിലെത്താനാണ് ആദ്യ തീരുമാനം. പിന്നീട് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കാണുന്നതിനും സുപ്രീംകോടതിയെ സമീപിക്കുന്നതിനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 70 എം.എല്‍എമാരുടെ ഒപ്പ് ലഭിച്ചുവെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നതിനും തീരുമാനമായി. കോണ്‍ഗ്രസ്‌ജെ.ഡി.എസ് എം.എല്‍.എമാരെ കുതിരക്കച്ചവടം നടത്തി അടര്‍ത്തിയെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതിനിടയിലാണ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നത്. 100 കോടി രൂപ ഓരോ പാര്‍ട്ടി എം.എല്‍.എക്കും ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

chandrika: