ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്‌ക്കെതിരെ ഗൂഢാലോചനക്കുറ്റത്തിന് കേസെടുത്ത ഡല്‍ഹി പോലീസ് നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സംഭവം ഞെട്ടിക്കുന്നതാണെന്ന് ശശി തരൂര്‍ പറഞ്ഞു. ‘ഈ രാജ്യത്ത് എന്താണ് നടക്കുന്നത്?’ എന്നായിരുന്നു ശശി തരൂരിന്റെ ചോദ്യം. യെച്ചൂരി ഉള്‍പ്പെടെടുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതു സംബന്ധിച്ച വാര്‍ത്താ റിപ്പോര്‍ട്ടിനോട് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത് കണ്ടു ഞൈട്ടലുണ്ടാകുന്നു. അക്രമം പ്രോത്സാഹിപ്പിക്കുകയും നടത്തുകയും ചെയ്തവരെ ഇനി വെറുതെ വിടുമോ? നമ്മുടെ രാജ്യത്തിന് എന്താണ് സംഭവിക്കുന്നത്?’ ശശി തരൂര്‍ ചോദിച്ചു. ഇന്നലെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെയ്യൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധയായ ജയന്തി ഖോഷ്, ഡല്‍ഹി സര്‍വകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധാനയകനായ രാഹുല്‍ റോയ് എന്നിവരെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം.
പോലീസ് നടപടിയെ സംബന്ധിച്ച വാര്‍ത്തയോട് ഇന്നലെ യെച്ചൂരി രൂക്ഷമായ പ്രതികരണമായിരുന്നു നടത്തിയത്. ഡല്‍ഹി പോലീസ് നടപടി ‘ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണെന്നും’ ബിജെപി നേതൃത്വത്തില്‍ നിന്നുള്ള രാഷ്ട്രീയത്തിന്റെ നേരിട്ടുള്ള ഫലമാണ് ഇതെന്നുമായിരുന്നു സീതാറാം യെച്ചൂരി പ്രതികരിച്ചത്.
അതേസമയം, സീതാറാം യെച്ചൂരിയ്‌ക്കെതിരായ നടപടി സംബന്ധിച്ച വാര്‍ത്തകള്‍ തള്ളി ഡല്‍ഹി പോലീസ് രംഗത്തെത്തി. സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ വാര്‍ത്ത ‘വസ്തുതാപരമായി തെറ്റാണെന്ന്’ ഡല്‍ഹി പോലീസ് വക്താവ് അറിയിച്ചു.