ന്യൂഡല്‍ഹി: കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ സി.സിയില്‍ രേഖവാട്ടെടുപ്പ് നടന്നത് സ്ഥിരീകരിച്ച് സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് ബന്ധത്തെ കാരാട്ട് പക്ഷത്തെ 51 പേര്‍ എതിര്‍ക്കുകയും യെച്ചൂരി പക്ഷത്തെ 31 പേര്‍ അനുകൂലിക്കുകയും ചെയ്തു. വോട്ടെടുപ്പ് ആരുടേയും വിജയമോ പരാജയമോ അല്ല. ത്രിപുരയില്‍ ബി.ജെ.പിക്കെതിരെ മുന്നണി രൂപീകരിക്കും. ബി.ജെ.പിക്കെതിരായ അടവുനയം തെരഞ്ഞെടുപ്പ് സമയത്ത് തീരുമാനിക്കും. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രേഖയില്‍ കോണ്‍ഗ്രസുമായി സഖ്യമോ തെരഞ്ഞെടുപ്പ് ധാരണയോ പാടില്ലെന്നാണ് നിലപാട്. പാര്‍ട്ടി അംഗങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാനുള്ള അധികാരമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത് രാഷ്ട്രീയ രേഖയുടെ കരട് മാത്രമാണ്. യോഗത്തിനുള്ളില്‍ നടന്ന കാര്യങ്ങള്‍ പുറത്തുപറയാനാകില്ലെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയതയുടെ പേരില്‍ ബി.ജെ.പി ഹിന്ദുത്വം അടിച്ചേല്‍പിക്കാനാണ് ശ്രമിക്കുന്നത്. ത്രിപുരയില്‍ സിപിഎം നേരിടാന്‍ പോകുന്നത് വാട്ടര്‍ലൂ ആണ്. ഉള്‍പാര്‍ട്ടി രാഷ്ട്രീയത്തെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.