ന്യൂഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ ഷൊർണൂർ എംഎൽഎ പി.കെ ശശിക്കെതിരെ പാര്‍ട്ടി സ്വീകരിച്ചത് കടുത്ത നടപടി തന്നെയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ശശിയെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞാലും പഴയ സ്ഥാനങ്ങളിലേക്ക് തിരിച്ചുവരില്ല. സസ്‌പെന്‍ഡ് ചെയ്തതോടെ ശശിക്ക് ഇപ്പോള്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു. ശശിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായി കേന്ദ്രനേതൃത്വം കണ്ടിട്ടില്ല. അന്വേഷണ കമ്മിഷന്‍ നല്‍കിയ കണ്ടെത്തലുകളാണ് കേന്ദ്ര കമ്മിറ്റി പരിശോധിച്ചത്, യെച്ചൂരി പറഞ്ഞു.
ശശിയുടെ എം.എല്‍.എ പദവി കാര്യത്തില്‍ പാര്‍ട്ടിക്ക് തീരുമാനം എടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നതാണ് മുഖ്യ അജണ്ട. സഖ്യങ്ങളും തെരഞ്ഞെടുപ്പ് തന്ത്രവും ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ നോക്കി കൈക്കൊള്ളും. ബി.ജെ.പിയുടെ വിഭാഗീയ രാഷ്ട്രീയത്തിന് തിരിച്ചടിയാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനമെടുത്ത് ചെലവഴിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇക്കാരണത്താലാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ രാജിവെച്ചതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. സജ്ജന്‍ കുമാറിനെതിരായ വിധിയെ സ്വാഗതം ചെയ്യുന്നു. മറ്റ് വര്‍ഗീയ കലാപങ്ങളിലും പ്രതികള്‍ ശിക്ഷിക്കപ്പെടണം. പ്രധാനമന്ത്രിയുടെ കാര്യം തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്താല്‍ മതിയെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.