X

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മൗനേന്ദ്ര മോദി’ എന്നാണു വിളിക്കേണ്ടത്: യെച്ചൂരി

തിരുവനന്തപുരം: അഴിമതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് വന്‍ തട്ടിപ്പുകള്‍ നടക്കുമ്പോള്‍ കുറ്റകരമായ മൗനം പാലിക്കുന്ന പ്രധാനമന്ത്രിയെ ‘മൗനേന്ദ്ര മോദി’ എന്ന് വിളിച്ചായിരുന്നു പരിഹാസം. സി.പി.എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

യു.പി.എ ഭരണകാലത്തെ അഴിമതികള്‍ പുറത്തുവന്നപ്പോള്‍ മൗനം പാലിച്ചുവെന്ന പേരില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ‘മൗന്‍മോഹന്‍ സിങ്’ എന്നു വിളിച്ച് മോദി പരിഹസിച്ചിരുന്നു. കോടികള്‍ തട്ടിയെടുത്തു വന്‍കിട കുത്തകകള്‍ മുങ്ങുമ്പോള്‍ നിശ്ശബ്ദത പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മൗനേന്ദ്ര മോദി’ എന്നാണു വിളിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

കാര്‍ഷിക വായ്പ എഴുതിത്തള്ളാന്‍ 18,000 കോടി രൂപ കണ്ടെത്താന്‍ കഴിയാത്ത സര്‍ക്കാരാണു കോര്‍പറേറ്റ് കമ്പനികളുടെ 2,40,000 കോടിയുടെ കടം എഴുതിത്തള്ളിയത്. ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി എന്ന അസാധാരണ സാമീപ്യമാണു കാണാന്‍ കഴിയുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

അതേസമയം നിലവില്‍ കോണ്‍ഗ്രസ് അടുപ്പം പ്രകടമാക്കുന്ന യെച്ചൂരി, സമ്മേളന പ്രസംഗത്തില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനെ പുകഴ്ത്താനും മറന്നില്ല. ഡോ. മന്‍മോഹന്‍സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഡോക്ടര്‍ സിങിനെ ചൂണ്ടി തന്റെ ഭാര്യയോടു പറഞ്ഞത് ഓര്‍ക്കണമെന്നായിരുന്നു യെച്ചൂരിയുടെ പ്രസംഗം. ഇന്ത്യയില്‍ 20 കോടി മുസ്‌ലിംകളുണ്ട്. അതില്‍ ഒരാള്‍പോലും അല്‍ ഖായിദയില്‍ അംഗമല്ലെന്നായിരുന്നു ബുഷ് ഭാര്യയോട് പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ അങ്ങനെ പറയാന്‍ കഴിയില്ലെന്നും യെച്ചൂരി വ്യക്തമാക്കി. ഇന്ത്യയുടെ യുഎസ് ഇസ്രയേല്‍ നിലപാടുകളുടെ ഫലമാണതിനും യച്ചൂരി ആരോപിച്ചു.

chandrika: