X

സിസ്റ്റര്‍ സെഫി കന്യാചര്‍മം കൃത്രിമമായി വച്ചുപിടിപ്പിച്ചു; ഞെട്ടിക്കുന്ന വഴിത്തിരിവുകളിലൂടെ അഭയ കേസ്

കൊച്ചി: അന്വേഷണ ഏജന്‍സികള്‍ കണ്ടില്ലെന്ന് നടിക്കാനും ഉന്നതര്‍ തേച്ചുമായ്ക്കാനും ശ്രമിച്ച തെളിവുകള്‍ ഓരോന്നോരോന്നായി പുറത്തു വന്ന കാഴ്ചയാണ് അഭയ കേസിലുണ്ടായത്. കുറ്റാന്വേഷണ ചരിത്രത്തിലെ പല അപൂര്‍വ്വതകള്‍ക്കും കേസ് സാക്ഷിയായി. അതില്‍ പ്രധാനപ്പെട്ടതാണ് സിസ്റ്റര്‍ സെഫിക്ക് കന്യാകത്വം നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കാന്‍ കന്യാചര്‍മം കൃത്രിമമായി വച്ചു പിടിപ്പിച്ചത്.

കന്യാകത്വം സ്ഥാപിക്കാന്‍ ഹൈമനോപ്ലാസ്റ്റി സര്‍ജറിയാണ് സിസ്റ്റര്‍ സെഫിക്ക് നടത്തിയത്. എന്നാല്‍ മെഡിക്കല്‍ പരിശോധനയില്‍ ഇത് വച്ചു പിടിപ്പിച്ചതാണ് എന്നു മനസ്സിലായി. ആലപ്പുഴ മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജനായ ഡോ.പി.രമയും പ്രിന്‍സിപ്പല്‍ ഡോ.ലളിതാംബിക കരുണാകരനും നല്‍കിയ മൊഴിയില്‍ ആണു ഇക്കാര്യം വ്യക്തമായത്. ഇത് കേസില്‍ വലിയ തെളിവുകളില്‍ ഒന്നായി മാറി.

താന്‍ കന്യകയാണ് എന്ന് സ്ഥാപിക്കാനാണ് സിസ്റ്റര്‍ സെഫി ഹൈമനോപ്ലാസ്റ്റിക്ക് വിധേയയായത്. 2008 നവംബറില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഇവരെ വിശദ പരിശോധനയ്ക്ക് വിധേയയാക്കിയത്. സിസ്റ്റര്‍ സെഫി കന്യകയാണ് എന്ന് സ്ഥാപിക്കാനായാല്‍ പ്രോസിക്യൂഷന്റെ ആരോപണം മറികടക്കാം എന്നായിരുന്നു പ്രതികള്‍ക്കു കിട്ടിയ നിയമോപദേശം. ഇതിന് പിന്നാലെയാണ് ഇവര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

സിസ്റ്റര്‍ അഭയ

ഫാദര്‍ തോമസ് കോട്ടൂരിനും പിന്നീട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഫാദര്‍ ജോസ് പുതൃക്കയിലിനും സിസ്റ്റര്‍ സെഫിയുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു എന്നാണ് സിബിഐ കണ്ടെത്തിയിരുന്നത്. ഇത് നേരിട്ടു കാണാന്‍ ഇടവന്നതാണ് അഭയയുടെ കൊലപാതകത്തില്‍ കലാശിച്ചത് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം.

1992 മാര്‍ച്ച് 27ന് കോട്ടയം സെന്റ് പയസ് കോണ്‍വെന്റിലെ കിണറ്റിലാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ ജെഫി എന്നിവരാണ് അറസ്റ്റിലായിരുന്നത്. നാര്‍ക്കോ അനാലിസിസും പോളിഗ്രാഫും നടത്തിയ ശേഷമാണ് പ്രതികളെ സിബിഐ എഎസ്പി നന്ദകുമാര്‍ നായര്‍ അറസ്റ്റു ചെയ്തിരുന്നത്. അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയതിന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്‌ഐ അഗസ്റ്റിനും അറസ്റ്റിലായിരുന്നു. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് അഗസ്റ്റിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

മൊത്തം 133 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 49 പേരെ വിസ്തരിച്ചു. സാക്ഷികളില്‍ ഭൂരിപക്ഷം പേരും മൊഴിമാറ്റിപ്പറഞ്ഞു എന്നത് കേസിലെ ഉന്നത ബന്ധം വ്യക്തമാക്കുന്നതായിരുന്നു. അതു കൊണ്ടു തന്നെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളാണ് കേസില്‍ വഴിത്തിരിവായത്.

 

 

Test User: