സിറാജുദ്ദീന്‍ റസാഖ്
ഭരണവര്‍ഗത്തിന്റെ കണ്ണില്‍ എന്നും പുറമ്പോക്കില്‍ പ്രതിഷ്ഠിക്കപ്പെട്ടവരാണ് ആദിവാസികള്‍. വിവേചനങ്ങളും, അസ്ഥിവാരമിളക്കുന്ന കുടിയൊഴിപ്പിക്കലുമായി സ്വാതന്ത്ര്യാനന്തരം നാളിതുവരെ അവരെ ആക്രമിച്ചു പോന്നിട്ടുണ്ട്. ഉള്‍ക്കൊള്ളലിന്റെ ജനാധിപത്യത്തില്‍ ഒരിക്കല്‍ പോലും ആദിവാസികളെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. കൊളോണിയല്‍ കാലഘട്ടം മുതല്‍ അനുഭവിച്ചു വന്ന വിവേചനങ്ങള്‍ ഇന്നും അതേപടി തുടരുന്നു. സ്വാതന്ത്ര്യത്തിനുശേഷം സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷക്കും നിരാശയായിരുന്നു ഫലം. പരമ്പരാഗതമായി വനമേഖലയില്‍ താമസിക്കുന്നവരാണ് ആദിവാസികള്‍. അതുകൊണ്ടുതന്നെ കുടിയൊഴിപ്പിക്കലാണ് അവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. രാമചന്ദ്ര ഗുഹയുടെ അഭിപ്രായത്തില്‍ രണ്ട് രീതിയിലാണ് സ്റ്റേറ്റ് ആദിവാസികളുടെ ഭൂമി കവര്‍ന്നെടുക്കുന്നത്. വികസനത്തിന്റെ പേരിലും, മറ്റൊന്ന് വനസംരക്ഷണം/വന്യമൃഗ സംരക്ഷണത്തിന്റെ പേരിലും. ഗവണ്‍മെന്റ് നയങ്ങളുടെ ഫലമായി ജന്മഭൂമിയില്‍നിന്ന് പുറത്താക്കപ്പെട്ടവരില്‍ 40 ശതമാനവും ആദിവാസികളാണെന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞനായ വാള്‍ട്ടര്‍ ഫെര്‍ണാണ്ടസിന്റെ കണക്ക്. ഇന്ത്യയിലെ ജനസംഖ്യയില്‍ 8 ശതമാനവും ആദിവാസികള്‍ ആയതുകൊണ്ട് വികസനത്തിന്റെയും വനസംരക്ഷണത്തിന്റെയും പേരില്‍ കുടിയിറക്കപ്പെടാനുള്ള സാധ്യത ആദിവാസികള്‍ക്ക് ആദിവാസികള്‍ അല്ലാത്തവരെക്കാള്‍ ഇരട്ടി കൂടുതലാണ് എന്നര്‍ഥം.
ഭരണഘടനയുടെ 5, 6 ഷെഡ്യൂളുകളില്‍ ആദിവാസികള്‍ ഭൂരിപക്ഷമുള്ള ജില്ലകളില്‍ വലിയ അളവില്‍ സ്വയംഭരണം അനുവദിക്കുന്നതാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ ഇന്നും അത് ഫലവത്തായി നടപ്പാക്കപ്പെട്ടിട്ടില്ല എന്നത് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമായി മനസ്സിലാകും. ആദിവാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്ന പേരില്‍ സ്ഥാപിതമായ ഝാര്‍ഖണ്ഡിലും ഛത്തീസ്ഗഡിലും ഏതാണ്ട് മൂന്നില്‍ രണ്ടു ഭാഗം ജനങ്ങള്‍ ആദിവാസികളല്ലാത്തവരാണ്. ഭരണഘടന ഷെഡ്യൂളുകള്‍ പ്രകാരം വനവാസ മേഖലകളിലെ ഭൂമിയില്‍നിന്ന് കണ്ടെടുക്കുന്ന ധാതുക്കളുടെ പ്രതിഫലത്തിന്റെ ഒരു ഭാഗം പ്രാദേശിക കൗണ്‍സിലുകള്‍ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ അതില്‍ നിന്ന് ഒരു പൈസപോലും ആദിവാസികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്നത് ചില മലമ്പ്രദേശങ്ങളില്‍ മാത്രമായതുകൊണ്ട് രാഷ്ട്രീയ വര്‍ഗം അവരോട് താല്‍പര്യം കാണിക്കുന്നേയില്ല, സിവില്‍ സര്‍വീസില്‍ തൃപ്തികരമായ പ്രാതിനിധ്യം ഇല്ലാത്തതുകൊണ്ടും അവര്‍ക്ക് രാഷ്ട്രീയശക്തി ഇല്ലാത്തതുകൊണ്ടും അവരെ സേവിക്കാന്‍ നിയമപരമായി ബാധ്യസ്ഥരായ വനം വകുപ്പ്, പൊലീസ്, റവന്യൂ വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വളരെ അവജ്ഞയോടെ കൂടിയാണ് പെരുമാറുന്നത്. ഇക്കൂട്ടരെ ഉദ്യോഗസ്ഥര്‍ വ്യാപകമായ രീതിയില്‍ ചൂഷണം ചെയ്യുന്നു. ‘സന്താലി’ ഒഴികെ മറ്റൊരു ആദിവാസി ഭാഷയും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതല്ലാത്തതുകൊണ്ട് അവയൊന്നും ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പഠിപ്പിക്കുന്നില്ല. പഠനമാധ്യമം സ്വന്തം ഭാഷ അല്ലാത്തതുകൊണ്ട് ആദിവാസി കുട്ടികള്‍ സ്‌കൂളില്‍ വിഷമത അനുഭവിക്കുന്നു.
ഭൂപരിഷ്‌കരണ നിയമത്തിന്റെ വിജയം അവകാശപ്പെടുന്ന കേരളത്തിന്റെ അവസ്ഥയും മെച്ചമല്ല. എത്ര ആദിവാസികള്‍ക്ക് ഭൂമി കിട്ടി, അല്ലെങ്കില്‍ എത്ര ആദിവാസികളെ കുടിയൊഴിപ്പിച്ചു എന്നതില്‍ നിന്ന് തന്നെ മനസ്സിലാക്കാം ഭൂപരിഷ്‌കരണത്തിന്റെ വിജയം. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ആകെ ജനസംഖ്യയുടെ 1.45 ശതമാനം മാത്രമാണ് ആദിവാസികള്‍ ഉള്ളത്. അതായത് 4, 84,839 മനുഷ്യര്‍ മാത്രം. മൂന്നര കോടിയിലധികം മനുഷ്യരുള്ള സംസ്ഥാനത്ത് ആകെ 5 ലക്ഷത്തില്‍ താഴെ വരുന്ന ജനസംഖ്യ മാത്രം. ആകെ 1,07,965 കുടുംബങ്ങള്‍. 4,762 ഊരുകള്‍. പശ്ചിമഘട്ട മേഖലയില്‍, തമിഴ്‌നാടിന്റേയും കര്‍ണാടകത്തിന്റേയും അതിര്‍ത്തികളോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് കേരളത്തിലെ ആദിവാസി വാസ സങ്കേതങ്ങളുള്ളത്. ഏതാണ്ട് 948 ആദിവാസി വാസ സങ്കേതങ്ങള്‍ വനത്തിനോടു ചേര്‍ന്നും 540 വാസ സങ്കേതങ്ങള്‍ റിസര്‍വ്വ് വനത്തിനുള്ളിലുമുണ്ട്. വയനാട്, ഇടുക്കി, പാലക്കാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് കൂടുതല്‍ ആദിവാസി ജനസംഖ്യയുള്ളത്. സാക്ഷരതയിലും ആരോഗ്യത്തിലും മറ്റും മികച്ചുനില്‍ക്കുന്ന കേരളത്തില്‍ ആദിവാസികളുടെ ഗ്രാഫ് കുത്തനെ താഴോട്ടാണ് നീങ്ങുന്നത്. 1975 ല്‍ നിലവില്‍ വന്ന ആദിവാസി ഭൂനിയമം 21 വര്‍ഷത്തോളം ആദിവാസികള്‍ക്ക് പ്രയോജനമില്ലാതെ തുടരുന്നു. തുടര്‍ന്ന് 1996ല്‍ നിലവില്‍ വരുന്ന ആദിവാസി ഭൂനിയമ ഭേദഗതി ബില്ല് ആദിവാസി ഊരുകളെ മുഴുവന്‍ കഷ്ടത്തിലാക്കുന്നതായിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ടാല്‍ മറ്റെവിടെയെങ്കിലും ഭൂമി നല്‍കിയാല്‍ മതി എന്ന വ്യവസ്ഥ കൊണ്ടുവന്നത് തന്നെ ഇതില്‍ പതിഞ്ഞിരിക്കുന്ന ചതിക്കുഴിയാണെന്ന് ആക്ടിവിസ്റ്റുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ടായിരുന്നു.