X

‘അയാള്‍ എന്നെ ചീത്ത വിളിച്ചു, കോഹ്‌ലി അത് പോയി ചോദിച്ചു’; സ്റ്റോക്‌സുമായുള്ള വാക്ക് തര്‍ക്കത്തെക്കുറിച്ച് സിറാജ്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സും തമ്മില്‍ ഗ്രൗണ്ടില്‍ വാക് പോരിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ എന്തിന്റെ പേരിലാണ് ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തത് എന്ന കാര്യം വ്യക്തമായിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്.

സ്റ്റോക്‌സിനു നേരെ ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ അദ്ദേഹം തന്നെ ചീത്ത വിളിച്ചുവെന്നും അക്കാര്യം താന്‍ അപ്പോള്‍ തന്നെ കോഹ്ലിയെ അറിയിച്ചുവെന്നും സിറാജ് പറഞ്ഞു. ഇതാണ് കോഹ്ലി സ്റ്റോക്‌സിനോട് വാക് പോരിലേര്‍പ്പെടാനുള്ള കാരണം. ആദ്യ ദിവസത്തെ കളിക്കു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് സിറാജ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ഇത്തരം കാര്യങ്ങള്‍ക്കൊന്നും അമിതമായ പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് കോഹ്ലിയുമായുള്ള വാക് പോരിനെക്കുറിച്ച് ബെന്‍ സ്റ്റോക്‌സിന്റെ പ്രതികരണം. ആളുകള്‍ എപ്പോഴും ഇത്തരം കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക. രണ്ട് എതിരാളികള്‍ തമ്മിലൊന്നു കൊമ്പു കോര്‍ത്തു. അത് കഴിഞ്ഞു, അങ്ങനെ കണ്ടാല്‍ മതിയെന്നും സ്റ്റോക്‌സ് വ്യക്തമാക്കി.

സിറാജ് എറിഞ്ഞ മത്സരത്തിലെ പന്ത്രണ്ടാം ഓവറിലെ അവസാന പന്തിനു ശേഷമായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്റ്റോക്‌സിനെതിരെ ബൗണ്‍സര്‍ എറിഞ്ഞ ശേഷം തിരിച്ചു നടന്ന സിറാജിനോട് സ്റ്റോക്‌സ് എന്തോ മോശമായി പറഞ്ഞു. ഇതിന് പിന്നാലെയാണ് കോഹ്ലി- സ്റ്റോക്‌സ് കൊമ്പുകോര്‍ക്കല്‍ അരങ്ങേറിയത്. അമ്പയര്‍മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

 

Test User: