കൊച്ചി: കുടിയൊഴിപ്പിക്കലിന്റെ പേരില്‍ അസമില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ ഇന്ത്യയുടെ മനസിനെ മുറിവേല്‍പ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗവുമായ സിറാജ് ഇബ്രാഹിം സേട്ട് പ്രസ്താവനയില്‍ പറഞ്ഞു. അതിപൈശാചികവും ക്രൂരവുമായാണ് സിഫാജാര്‍ ജില്ലയിലെ ധോല്‍പൂരില്‍ 800 ഓളം മുസ്ലിം കര്‍ഷക കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നത്. അതിനെതിരേ പ്രതിഷേധിക്കുന്നവരെ മൃഗീയമായി കൊലപ്പെടുത്തി ആനന്ദിക്കുകയാണ് പോലീസും ഭരണകൂടവും. ഇത് ഇന്ത്യന്‍ ജനത ഉയര്‍ത്തിപ്പിടിക്കുന്ന മാനുഷിക മൂല്യങ്ങള്‍ക്കെതിരാണെന്നും കുടിയൊഴിപ്പിക്കല്‍ നടപടി ഉടന്‍ തന്നെ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക പദ്ധതിയുടെ പേര് പറഞ്ഞ് ന്യൂനപക്ഷ വേട്ട നടത്തുകയാണ് അസം സര്‍ക്കാര്‍. പോലിസ് നരനായാട്ടില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തവും അസം സംസ്ഥാന സര്‍ക്കാരിനാണ്. അതിനാല്‍ തന്നെ കുടിയൊഴിക്കപ്പെടുന്നവര്‍ക്ക് ഭക്ഷണവും ചികിത്സയും പാര്‍പ്പിടവും ഒരുക്കാന്‍ അസം സര്‍ക്കാര്‍ തയ്യാറാകണം. മരണപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും ഒരു ജനതയ്ക്കുനേരെ നരനായാട്ട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കണമെന്നും സിറാജ് ഇബ്രാഹിം സേട്ട് പറഞ്ഞു.