X
    Categories: keralaNews

മുന്നോക്ക സംവരണത്തെ ന്യായീകരിച്ച് സിറാജില്‍ സിപിഎം നേതാവിന്റെ ലേഖനം; സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ മറുപടിയുമായി കാന്തപുരം യുവജന വിഭാഗം നേതാവ്

കോഴിക്കോട്: മുന്നോക്ക സംവരണത്തെ ന്യായീകരിച്ച് സിറാജ് ദിനപത്രത്തില്‍ സിപിഎം നേതാവ് എഴുതിയ ലേഖനത്തിന് ശക്തമായ മറുപടിയുമായി കാന്തപുരം വിഭാഗത്തിന്റെ യുവജന സംഘടനാ നേതാവ് രംഗത്ത്. സിപിഎം നേതാവും കേളു ഏട്ടന്‍ പഠനകേന്ദ്രം ഡയറക്ടറുമായി കെ.ടി കുഞ്ഞിക്കണ്ണന്‍ എഴുതിയ ലേഖനത്തിന് എസ്‌വൈഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും എസ്എസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദലി കിനാലൂര്‍ ആണ് ഫേസ്ബുക്കില്‍ കുഞ്ഞിക്കണ്ണന്റെ ലേഖനത്തെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്തുവന്നിരിക്കുന്നത്.

ലേഖനത്തിന്റെ പൂര്‍ണരൂപം:

സ്വയം റദ്ദാകുന്ന കുഞ്ഞിക്കണ്ണന്മാർ
മുന്നാക്കസംവരണത്തെ അനുകൂലിച്ചുകൊണ്ട് സിറാജ് പത്രത്തിൽ കെ ടി കുഞ്ഞിക്കണ്ണൻ ഇന്നെഴുതിയ ലേഖനം ആശയപരമായി അങ്ങേയറ്റം ദുർബലവും രാഷ്ട്രീയമായി തീരെ മൂർച്ചയില്ലാത്തതുമാണ് എന്ന് പറയാതെ വയ്യ. നുണകൾ യഥേഷ്ടം വാരി വിതറിയിരിക്കുന്നു എന്നതും കാണാതിരുന്നു കൂടാ.
ഓരോന്നായി പരിശോധിക്കാം.
കുഞ്ഞിക്കണ്ണൻ എഴുതുന്നു:
“2019 ഫെബ്രുവരി ഒന്ന് മുതല് ഇന്ത്യയില് നിലവില് വന്ന ഭരണഘടനാ ഭേദഗതിയുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്.”
ഇനിയൊരു വാചകം ഇങ്ങനെ:
“നിലവിലുള്ള സംവരണ വിഭാഗങ്ങളുടെ ക്വാട്ടയെ ബാധിക്കാത്ത തരത്തില് മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രരായവര്ക്ക് 10 ശതമാനം സംവരണമേര്പ്പെടുത്തണമെന്നത് സി പി ഐ എമ്മിന്റെ ദേശീയ നയമാണ്”.
ഇത് രണ്ടും ഒത്തുപോകുന്നതെങ്ങിനെയാണ്? ആദ്യത്തെ വാചകം ധ്വനിപ്പിക്കുന്നത് കേന്ദ്രനിയമം നടപ്പാക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നത് എന്നാണ്. രണ്ടാമത്തെ വാചകമാകട്ടെ, ഇത് സി പി എമ്മിന്റെ നിലപാടാണ് എന്നുറപ്പിക്കുന്നു. കുഞ്ഞിക്കണ്ണൻ എവിടെയെങ്കിലും ഒന്നുറച്ചുനിൽക്കണം. ചില പാർട്ടി ബുദ്ധിജീവികളെപ്പോലെ ആടിക്കളിക്കരുത്.
മുന്നാക്ക സംവരണം എന്നത് ആരുടെ ആവശ്യമാണ് എന്ന് കുഞ്ഞിക്കണ്ണൻ പറയുന്നില്ല. അത് രാജ്യവ്യാപകമായി ആർ എസ് എസും കേരളത്തിൽ എൻ എസ് എസും കാലങ്ങളായി ഉയർത്തുന്ന ആവശ്യമാണ്. അത് സിപിഎമ്മിന്റെ കൂടി ആവശ്യമാണെന്ന് കുഞ്ഞിക്കണ്ണനും പറയുന്നു. ആർ എസ് എസിന്റെ ഒരു ആവശ്യം/ മുദ്രാവാക്യം ഏറ്റെടുക്കുന്നതിൽ രാഷ്ട്രീയമായി ശരികേടുണ്ട് എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം എന്ത് ആഭിമുഖ്യമാണ് സി പി എമ്മിന് സംഘ്പരിവാറിനോടുള്ളത്?
കുഞ്ഞിക്കണ്ണൻ തുടർന്ന് പറയുന്നതിങ്ങനെ:
“ഈ നിയമമനുസരിച്ച് നിലവിലുള്ള സംവരണ വിഭാഗങ്ങളുടെ ആനുകൂല്യം ഒരു തരത്തിലും ഹനിക്കപ്പെടുന്നില്ല. അത് അതേപടി തന്നെ തുടരുന്നുണ്ട്. ആരുടെയും സംവരണാവകാശത്തെ ഇല്ലാതാക്കാതെ 2019ലെ നിയമമനുസരിക്കുന്ന തരത്തില് 10 ശതമാനം സാമ്പത്തികമായി ദുര്ബലരായവര്ക്ക് നല്കണമെന്നത് എങ്ങനെയാണ് സംവരണത്തിന്റെ അട്ടിമറിയാകുക”.
ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്നലെ എഴുതിയ സിറാജ് ലേഖനത്തിൽ ഉണ്ട്. എങ്കിലും പറയാം. സംവരണ സമുദായങ്ങൾക്കുള്ള അമ്പത് ശതമാനത്തിനു പുറത്തുള്ള അമ്പത് ശതമാനത്തിൽ നിന്നാണ് മുന്നാക്കക്കാർക്കുള്ള പത്ത് ശതമാനം കണ്ടെത്തുക എന്നാണ് ന്യായം. സംഭവിച്ചത് മറിച്ചാണ്. ആകെ സീറ്റുകളിൽ നിന്ന് 10 ശതമാനം മുന്നാക്കക്കാർക്ക് കൊടുത്തു. അത് മാത്രമോ പ്രബല സംവരണ സമുദായങ്ങളേക്കാൾ മുകളിൽ മുന്നാക്ക വിഭാഗത്തിന് (ജനസംഖ്യയിൽ ഇരുപത് ശതമാനം മാത്രമുള്ളവർക്ക്) അവസരങ്ങൾ ദാനം നൽകിയതിനെ കുറിച്ച് കുഞ്ഞിക്കണ്ണന് ഒന്നും പറയാനില്ലേ?
കുഞ്ഞിക്കണ്ണന്റെ അടുത്ത ന്യായം ഇങ്ങനെ:
“പാര്ലിമെന്റില് ഇങ്ങനെയൊരു ഭേദഗതി വന്നപ്പോള് സഭയില് സന്നിഹിതരായ 326 അംഗങ്ങളില് 323 പേരും ബില്ലിനെ പിന്തുണക്കുകയായിരുന്നു. എന്ന് പറഞ്ഞാല് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചാണ് ഭേദഗതി നിയമം പാസ്സാക്കിയെടുത്തത്”.
ഭൂരിപക്ഷം ഒരുമിച്ചൊരു തീരുമാനമെടുത്താൽ എല്ലാവരും അതംഗീകരിച്ചോളണം എന്നാണോ കുഞ്ഞിക്കണ്ണന്റെ വാദം. അതുതന്നെയല്ലേ അമിത്ഷായും ഒരു പാർലിമെന്റ് ചർച്ചയിൽ പറഞ്ഞത്, ഞങ്ങൾ വിചാരിച്ചത് നടപ്പാക്കാനുള്ള ഭൂരിപക്ഷമാണ് ജനം ബി ജെ പിക്ക് നൽകിയത് എന്ന്. അതിന്റെ ഭാഷാന്തരമല്ലാതെ മറ്റെന്താണ് കുഞ്ഞിക്കണ്ണന്റെ ഈ എഴുത്ത്? ജനാധിപത്യം എന്നാൽ ഭൂരിപക്ഷ ഹിതം നടപ്പാക്കലാണ് എന്ന് കെ ടി ക്ക് വാദമുണ്ടോ?
“മണ്ഡലിന്റെ കാലത്ത് ബി ജെ പിയും കോണ്ഗ്രസും ഒരുപോലെ സവര്ണ ജാതി ധ്രുവീകരണമുണ്ടാക്കി വി പി സിംഗ് സര്ക്കാറിനെതിരെ തിരിച്ചുവിടാന് നോക്കിയ ചരിത്രമൊന്നും ആരും മറന്നു പോകരുത്” എന്ന് കെ ടി എഴുതുന്നുണ്ട്. മണ്ഡൽ ശിപാർശ നടപ്പാക്കാനുള്ള വി പി സിംഗ് സർക്കാരിന്റെ നീക്കത്തോട് സി പി എമ്മിന്റെ സമീപനം എന്തായിരുന്നു എന്ന് കുഞ്ഞിക്കണ്ണൻ അടുത്ത ലേഖനത്തിൽ വിശദീകരിക്കുമായിരിക്കും.
“…. ഈയൊരു സാഹചര്യത്തിലാണ് ജാതി ഭിന്നതകളുണ്ടാക്കി ജനങ്ങളുടെയും പണിയെടുക്കുന്ന വര്ഗങ്ങളുടെയും ഐക്യം തകര്ക്കാനുള്ള ഹിന്ദുത്വ ശക്തികളുടെയും ഭരണവര്ഗങ്ങളുടെയും നീക്കങ്ങളെ പുരോഗമന ജനാധിപത്യ ശക്തികള്ക്ക് പ്രതിരോധിക്കേണ്ടി വന്നത്”.
ആ ജാതി ഭിന്നത അവസാനിപ്പിക്കാനും ഹിന്ദുത്വ ശക്തികളെ പ്രതിരോധിക്കാനുമാണ് സി പി എം മുന്നാക്ക സംവരണം എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചത് എന്നാണല്ലോ ഇതിൽ നിന്ന് മനസിലാകുന്നത്. ആർഎസ്എസിനെ പ്രതിരോധിക്കാൻ ആർഎസ്എസിന്റെ മുദ്രാവാക്യം ഏറ്റെടുക്കുക, എന്തൊരു രാഷ്ട്രീയ പ്രബുദ്ധത. ഇക്കണക്കിനു പോയാൽ ആർ എസ് എസിനെ തോൽപിക്കാൻ പൗരത്വഭേദഗതി നിയമവും കെ ടിയുടെ പാർട്ടി ഏറ്റെടുക്കുമായിരിക്കും!
“സംവരണമടക്കമുള്ള ഭരണഘടനാപരമായ പരിരക്ഷാ വ്യവസ്ഥകളിലൂടെ മാത്രം പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്ക്ക് പരിഹാരമുണ്ടാക്കാന് കഴിയില്ലെന്നതാണ് സി പി ഐ എം നിലപാട്.” ആയിക്കോട്ടെ. പക്ഷേ മുന്നാക്കക്കാരുടെ പ്രശ്നങ്ങൾക്ക് സംവരണം പരിഹാരമാകുമെന്ന് സി പി എം കരുതുന്നുണ്ടല്ലോ, അതുമതി. സംവരണമല്ല പരിഹാരം എന്ന ആശയം ആർ എസ് എസിന്റേതാണ് എന്ന് കെ ടി കുഞ്ഞിക്കണ്ണൻ പറയാൻ മറന്നതാകും! സംവരണം എടുത്തുകളയാൻ സംഘ്പരിവാർ നേതാക്കൾ പലപ്പോഴായി ആവശ്യപ്പെട്ടത് ഗൂഗിളിൽ തിരഞ്ഞാൽ കിട്ടും!
“മുന്നാക്ക ജാതിയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്ക്ക് വിദ്യാഭ്യാസ പ്രവേശനത്തിനും ജോലിക്കും സംവരണം ഏര്പ്പെടുത്തിയ സംസ്ഥാന സര്ക്കാര് തീരുമാനത്തിനെതിരെ രംഗത്തെത്തിയവരുടെ ലക്ഷ്യം മറ്റു പലതുമാകാം”.
ഗെയിൽ സമരകാലത്തും സമാനമായിരുന്നു കുഞ്ഞിക്കണ്ണന്റെ വിശദീകരണം. അന്ന് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതത്വം കൂടിയുണ്ടായിരുന്നു വാചകത്തിൽ. സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തിയവരുടെ ലക്ഷ്യം വ്യക്തമാണ്. സാമൂഹികനീതി അട്ടിമറിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. അത് ആർ എസ് എസ് ആയാലും സി പി എം ആയാലും…
“ഒരു കാര്യം സംശയരഹിതമായി പറയാനുള്ളത്, സംവരണം കൊണ്ട് ജാതിയോ ജാതീയതയോ ഇല്ലായ്മ ചെയ്യാന് സാധിക്കില്ലെന്നതാണ്”. കുഞ്ഞിക്കണ്ണൻ സംശയരഹിതമായി പറഞ്ഞ കാര്യത്തിലുള്ള എന്റെ സംശയമിതാണ്; ജാതിയെ ഇല്ലായ്മ ചെയ്യാനാണ് സംവരണം എന്നാരെങ്കിലും പറഞ്ഞോ? തുല്യനീതിക്കു വേണ്ടിയുള്ള ഒരു പരിശ്രമത്തെ ഇങ്ങനെ ജാതിയിലേക്ക് ചുരുക്കിക്കെട്ടുന്നത് അത്ര നിഷ്കളങ്കമാണോ? സംവരണം ഒരു സാമൂഹിക ധർമ്മവും നിർവ്വഹിക്കുന്നില്ല എന്നാണെങ്കിൽ മുന്നാക്ക സംവരണം നടപ്പാക്കാൻ സി പി എം മുന്നിട്ടിറങ്ങിയത് എന്തിനാകാം?
മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ പട്ടിണി മാറ്റാനാണ് മുന്നാക്ക സംവരണം എന്നാണ് സി പി എമ്മിന്റെ ന്യായം. പട്ടിണി മാറ്റാനുള്ള ഉപാധിയാണ് സംവരണം എങ്കിൽ നൂറിൽ നൂറു സീറ്റും പിന്നാക്ക വിഭാഗങ്ങൾക്ക് നീക്കിവെക്കേണ്ടി വരില്ലേ? സർക്കാർ ജോലിയിൽ സംവരണം കിട്ടിയാൽ മാത്രം തീരുന്ന തരം പട്ടിണിയാണോ മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർ അനുഭവിക്കുന്നത്? മുന്നാക്ക സംവരണത്തിനായി സംസ്ഥാന സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളെ കുറിച്ച് കുഞ്ഞിക്കണ്ണന്റെ ലേഖനത്തിൽ ഒരിടത്തും ഒരു വരി പോലും ഇല്ലെന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. നിറം പിടിപ്പിച്ച നുണകൾ എന്ന് മാത്രമേ ആ ലേഖനത്തെ വിലയിരുത്താനാകൂ.

ചന്ദ്രിക വെബ് ഡെസ്‌ക്‌: