X

സര്‍, മാഡം വിളി : ഉത്തരവുകളുമായി കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍

തിരുവനന്തപുരം: പാലക്കാട് മാത്തൂര്‍ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന്റെ ചുവടുപിടിച്ച് സര്‍, മാഡം വിളി ഒഴിവാക്കിക്കൊണ്ട് സംസ്ഥാനത്ത് കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍ രംഗത്തുവന്നു. അപേക്ഷയില്‍ അപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു എന്നീ
പതിവുപദാവലികള്‍ ഒഴിവാക്കാനും നിര്‍ദേശിച്ചുകൊണ്ടുള്ള തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 31ന് മാത്തൂര്‍ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതി പുറപ്പെടുവിച്ച ഉത്തരവിന് പിറകെയാണ് കോട്ടയം ഉഴവൂര്‍, തൃശൂര്‍ അവിണിശേരി, ആലപ്പുഴ അമ്പലപ്പുഴ ഗ്രാമപഞ്ചായത്തുകള്‍ ഇന്നലെയോടെ രംഗത്തുവന്നത്. ഭരണസമിതികളുടെ തീരുമാനപ്രകാരം പഞ്ചായത്തുകളില്‍ ഉത്തരവ് സംബന്ധിച്ച ബോര്‍ഡുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പഞ്ചായത്ത്ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ചെല്ലുന്ന ഗുണഭോക്താക്കള്‍ ഇനിമുതല്‍ ജീവനക്കാരെ സര്‍ എന്നോ മാഡം എന്നോ വിളിക്കേണ്ടതില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. പകരം അവരവര്‍ക്ക് ഇഷ്ടമുള്ളതുപോലെ ചേട്ടാ എന്നോ ചേച്ചീ എന്നോ സ്ഥാനപ്പേരോ പേരോ വിളിക്കാം. അപേക്ഷാഫോറങ്ങള്‍ക്ക് പകരം അവകാശപത്രം എന്ന പദം ഉപയോഗിക്കണമെന്ന് തിരുവനന്തപുരം കോര്‍പറേഷനില്‍നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

പാലക്കാട് മലമ്പുഴ സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ബോബന്‍മാട്ടുമന്തയാണ് ഇത്തരത്തിലൊരു കാമ്പയിന ്തുടക്കമിട്ടത്. ഒറ്റപ്പാലം കോടതികെട്ടിടസമുച്ചയം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ കത്തിടപാടുകളില്‍ ഇന്നദിവസം ഹാജരാകേണ്ടതാണ് എന്നുകാണിച്ച് റവന്യൂവകുപ്പില്‍നിന്ന ്‌നോട്ടീസ് ലഭിച്ചതിനെതുടര്‍ന്ന് മുഖ്യമന്ത്രിക്കും ഭരണഭാഷാ വകുപ്പിനും ബോബന്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കത്തിടപാടുകളില്‍ കൂടുതല്‍ സൗഹൃദഭാഷ ഉപയോഗിക്കാമെന്ന് വകുപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയുണ്ടായി. അപേക്ഷാഫോറം വിരു്ദ്ധകാമ്പയിനും സൗഹൃദഭാഷാ കാമ്പയിനും നിലവില്‍ സമൂഹമാധ്യമങ്ങളിലൂടെ സജീവമായി വരികയുമാണ്. ഇതിനിടെയാണ് കോണ്‍ഗ്രസ്മണ്ഡലം പ്രസിഡന്റ് കൂടിയായ മാത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ പ്രസാദ് പുതിയ തീരൂമാനത്തിന ്ഭരണസമിതിയെ പ്രേരിപ്പിച്ചത്. യു.ഡി.എഫ് അംഗങ്ങളായ എട്ടുപേരും സി.പി.എമ്മിലെ ഏഴുപേരും ഒരു ബി.ജെ.പി അംഗവും പ്രമേയത്തിന് അനുകൂലമായതോടെ ഐകകണ്‌ഠേന പ്രമേയം പാസാക്കുകയായിരുന്നു.

സ്പീക്കര്‍ എം.ബി രാജേഷും തീരുമാനം നിയമസഭയില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന ്‌വ്യക്തമാക്കുകയുണ്ടായി. ഏതായാലും രാജ്യത്ത് ഇതാദ്യമായാണ് ഇത്തരത്തിലൊരു കാമ്പയിനും തീരുമാനത്തിനും കേരളത്തില്‍ തുടക്കമിട്ടിരിക്കുന്നത്. ദേശീയമാധ്യമങ്ങളിലും ഏതാനും തമിഴ്, ഗള്‍ഫ്മാധ്യമങ്ങളിലും വാര്‍ത്ത വലിയപ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സി.പി.എം ആലത്തൂര്‍ എം.എല്‍.എ കെ.ഡി പ്രസേനന്‍ വിഷയത്തില്‍ അനുകൂലമായി പ്രതികരിച്ചെങ്കിലും ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും പ്രതികരണം കാത്തിരിക്കുകയാണ്. ലാറ്റിന്‍പദമായ സറേ എന്നതില്‍നിന്നാണ് ഇംഗ്ലീഷില്‍ സര്‍ എന്ന വാക്ക് ഉരുത്തിരിഞ്ഞത്. ബ്രിട്ടീഷുകാര്‍ വിവിധമേഖലകളിലെ പ്രഗല്‍ഭര്‍ക്ക് മുമ്പ് ‘സര്‍’ പദവി നല്‍കിയിരുന്നു. ഫ്യൂഡല്‍കാലത്തെ പ്രതിനിധീകരിക്കുന്ന വാക്കാണിതെന്നാണ് ആക്ഷേപം. സറിന് പകരം പുതിയപദം കണ്ടെത്താന്‍ കേരളഭരണഭാഷാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബോബന്‍ മാട്ടുമന്ത ചന്ദ്രികയോട് പറഞ്ഞു.

Test User: