അമേരിക്കയിലെ ടെക്‌സാസില്‍ മലയാളികളുടെ വളര്‍ത്തുമകളായ ഷെറിന്‍ മാത്യൂസ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍. മൂന്ന് വയസുകാരിയെ വീട്ടില്‍ തനിച്ചാക്കി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയതിനാണ് അറസ്റ്റ്. അമേരിക്കയിലെ ടെക്‌സാസില്‍ കഴിഞ്ഞമാസമാണ് സംഭവം നടന്നത്. കുട്ടിയുടെ വളര്‍ത്തച്ഛന്‍ നേരത്തെ അറസ്റ്റിലായിരുന്നു. സിനി കുട്ടിയെ ഉപേക്ഷിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വെസ്ലി പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ മൊഴിയാണ് സിനി നല്‍കിയിരിക്കുന്നത്.
പാല് കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെപുറത്ത് നിര്‍ത്തുകയായിരുന്നുവെന്നും പതിനഞ്ചു മിനിറ്റുകള്‍ക്കു ശേഷം നോക്കുമ്പോള്‍ കുഞ്ഞിനെ കാണാതാവുകയായിരുന്നുവെന്നുമാണ് പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ രണ്ടാഴ്ച്ചകള്‍ക്കു ശേഷം കുഞ്ഞിന്റെ മൃതദേഹം വീടിനടുത്തുള്ള ഓടയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പാല്‍കുടിക്കുന്നതിനിടെയുണ്ടായ ശ്വാസതടസ്സമാണ് ഷെറിന്റെ മരണത്തിന് കാരണമെന്ന് വെസ്ലി മൊഴിനല്‍കി. ഒക്ടോബര്‍ 7മുതല്‍ വെസ്ലി പോലീസ് കസ്റ്റഡിയിലാണ്. ദമ്പതികളുടെ സ്വന്തം മകളായ നാല് വയസ്സുകാരി അന്ന് മുതല്‍ പോലീസ് സംരക്ഷണത്തിലാണ്. കുഞ്ഞിനെ വിട്ടുകിട്ടാന്‍ സിനി മാത്യൂസ് കോടതി സമീപിച്ച സാഹചര്യത്തിലാണ് സിനിയെ അറസ്റ്റു ചെയ്യുന്നത്.