കോഴിക്കോട്: ഏക സിവിൽ കോഡ്, ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങൾ എന്ന ശീർഷകത്തിൽ മുസ്ലിം കോ ഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സെമിനാർ ഇന്ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ കണ്ടംകുളം ജൂബിലി ഹാളിൽ നടക്കും. കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കുന്ന സെമിനാർ പ്രമുഖ നിയമജ്ഞനും ഡി.എം.കെയുടെ ഉന്നത നേതാവും തമിഴ്നാട് മന്ത്രിയുമായ അഡ്വ. മാ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ നേതാക്കൾ, പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, വിവിധ മത മേലദ്ധ്യക്ഷൻമാർ, നിയമജ്ഞർ സെമിനാറിൽ പങ്കെടുക്കും.
ദേശീയ പ്രശ്നമെന്ന നിലയിൽ ഏക സിവിൽ കോഡിനെ സമീപിക്കാനും സമൂഹത്തിൽ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ശക്തികൾക്കെതിരെ പ്രതിരോധം തീർക്കാനും സെമിനാർ ലക്ഷ്യമിടുന്നു. ബി.ജെ.പിയുടെ വംശീയ അജണ്ടയെ ചെറുത്തുതോൽപ്പിക്കാൻ രാജ്യം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നാണ് മുസ്ലിം കോ ഓഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെടുന്നത്. ഈ ആവശ്യത്തിനായി മുഴുവൻ വിഭാഗങ്ങളെയും ചേർത്തുനിർത്താനാണ് കോ-ഓഡിനേഷൻ കമ്മിറ്റി ശ്രമിക്കുന്നത്. ബഹുജന സെമിനാറിന്റെ ഭാഗമായി മണിപ്പൂർ ജനതക്ക് വേണ്ടി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കും. ഭരണകൂടത്തിന്റെ പിന്തുണയോടെ മണിപ്പൂരിലെ കുക്കി വംശജർക്കെതിരെ നടക്കുന്ന വംശഹത്യക്കെതിരെയും ക്രിസ്തീയ ദേവാലയങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെയും കേരളത്തിലെ മുസ്ലിം സംഘടനാ നേതാക്കൾ ഐക്യദാർഢ്യം രേഖപ്പെടുത്തും.