X

ഏക സിവിൽകോഡ്: മുസ്ലിം കോ ഓഡിനേഷൻ കമ്മിറ്റി ബഹുജന സെമിനാർ 26ന്

കോഴിക്കോട്: ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മുസ്ലിം കോ ഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സെമിനാർ ജൂലൈ 26ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് മെമ്മോറിയൽ കണ്ടംകുളം ജൂബിലി ഹാളിൽ നടക്കും. ഏക സിവിൽ കോഡ്, ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങൾ എന്ന ശീർഷകത്തിലാണ് സെമിനാർ. കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കുന്ന സെമിനാർ പ്രമുഖ നിയമജ്ഞനും ഡി.എം.കെയുടെ ഉന്നത നേതാവും തമിഴ്നാട് മന്ത്രിയുമായ അഡ്വ. എം.എ സുബ്രഹ്‌മണ്യം ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനാ നേതാക്കൾ, മത മേലധ്യക്ഷന്മാർ, നിയമജ്ഞർ, മത പണ്ഡിതർ സംസാരിക്കും.

രാജ്യ താൽപര്യത്തിനെതിരായി ഏക സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരായ ബഹുജന സംഗമമാണ് കോഴിക്കോട്ട് നടക്കുന്നത്. ഏക സിവിൽകോഡുമായി ബന്ധപ്പെട്ട ധ്രുവീകരണ അജണ്ടകളെ തുറന്നുകാട്ടുന്ന ചർച്ചകൾക്ക് സെമിനാർ വേദിയാകും. ഏക സിവിൽ കോഡ് ഭരണഘടനാപരമായി അനുവദിക്കപ്പെട്ട അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും എല്ലാ വിഭാഗം ജനങ്ങളെയും ഇത് ബാധിക്കുമെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് മുസ്ലിം കോഡിനേഷൻ കമ്മിറ്റി സെമിനാർ സംഘടിപ്പിക്കുന്നത്. ഒരു ദേശീയ പ്രശ്നമെന്ന നിലയിൽ ഏക സിവിൽ കോഡിനെ സമീപിക്കാനും സമൂഹത്തിൽ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ശക്തികൾക്കെതിരെ പ്രതിരോധം തീർക്കാനും സെമിനാർ ലക്ഷ്യമിടുന്നതായി സംഘാടകർ അറിയിച്ചു.

webdesk13: