X

കങ്കണയെ മുഖത്തടിച്ച സിഐഎസ്എഫ് കോണ്‍സ്റ്റബിളിന് ജോലി വാഗ്ദാനം ചെയ്ത് ഗായകന്‍ വിശാല്‍ ദദ്ലാനി

ചണ്ഡിഗഡ് വിമാനത്താവളത്തില്‍ വച്ച് കങ്കണ റണൗട്ടിനെ തല്ലിയ സിഐഎസ്എഫ് കോണ്‍സ്റ്റബിളിന് ജോലി വാഗ്ദാനം ചെയ്ത് ഗായകനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്ലാനി. സിഐഎസ്എഫ് കോണ്‍സ്റ്റബിളിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ ‘ജോലി ഉറപ്പാക്കാന്‍’ ആഗ്രഹിക്കുന്നതായും പറഞ്ഞു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിപ്പ് പങ്കിട്ടുകൊണ്ടായിരുന്നു വിശാലിന്റെ പ്രതികരണം.

”ഞാന്‍ ഒരിക്കലും അക്രമത്തെ പിന്തുണയ്ക്കുന്നില്ല, എന്നാല്‍ ഈ ഉദ്യോഗസ്ഥരുടെ രോഷത്തിന്റെ ആവശ്യകത ഞാന്‍ പൂര്‍ണമായും മനസ്സിലാക്കുന്നു. അവര്‍ക്കെതിരെ സിഐഎസ്എഫ് എന്തെങ്കിലും നടപടിയെടുക്കുകയാണെങ്കില്‍, അവള്‍ അത് സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ അവള്‍ക്കായി കാത്തിരിക്കുന്ന ഒരു ജോലി ഉണ്ടെന്ന് ഞാന്‍ ഉറപ്പാക്കുന്നു. ജയ് ഹിന്ദ്. ജയ് ജവാന്‍. ജയ് കിസാന്‍.” അദ്ദേഹം എഴുതി.

ജൂണ്‍ ആറിന് ഛണ്ഡീഗഢ് എയര്‍പോര്‍ട്ടില്‍വച്ചാണ് കങ്കണക്ക് അടിയേറ്റത്. ഡല്‍ഹിയിലേക്ക് പോകാനെത്തിയപ്പോള്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍ കങ്കണയുടെ മുഖത്തടിച്ചെന്നാണ് ആരോപണം. സുരക്ഷാ പരിശോധനയ്ക്കിടെയായിരുന്നു സംഭവം.

കുല്‍വീന്ദര്‍ കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. കേന്ദ്ര സര്‍ക്കരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരെ കങ്കണ ഖലിസ്ഥാനി തീവ്രവാദികളെന്ന് ആക്ഷേപിച്ചതാണു പ്രകോപനത്തിനിടയാക്കിയത്. കുല്‍വീന്ദര്‍ കൗറിന് പിന്തുണയുമായി കര്‍ഷക സംഘടനകളടക്കം രംഗത്ത് വന്നിരുന്നു.

webdesk13: