പി. അബ്ദുല്‍ ലത്തീഫ്
വടകര :വാര്‍ധക്യ സഹജമായ അവശത കീഴടക്കിയതിനാല്‍ കോട്ടക്കലിലെ വീട്ടില്‍ വിശ്രമിക്കുകയാണ് എം കുഞ്ഞിമ്മൂസ. ഗായിക സീന രമേശ് അദ്ദേഹത്തെ കാണാന്‍ വീട്ടിലെത്തി. തിരിഞ്ഞു കിടക്കാന്‍ പോലും പ്രയാസത്തിലാണ് കുഞ്ഞിമ്മൂസയുള്ളത്. വന്ന സന്തോഷത്തിന് സീന, മൂസ്സക്ക സംഗീതം ചെയ്ത ഒരു പാട്ടു പാടി. പെട്ടെന്ന് ആ ചുണ്ടുകള്‍ ചലിച്ചു. വരിയുടെ അവസാന ഭാഗം ഗായിക വേണ്ട പോലെ നീട്ടാത്തത് തിരുത്തുകയാണ് അദ്ദേഹം. ശരീരത്തെ ക്ഷീണം കീഴടക്കുമ്പോഴും സംഗീതമായിരുന്നു എം കുഞ്ഞിമ്മൂസയുടെ മനസ്സു നിറയെ.
എം കുഞ്ഞിമ്മൂസക്ക് സംഗീതം ദൈവികമായി കിട്ടിയ വരദാനമായിരുന്നു. നൂറൂ കണക്കിന് ഗാനങ്ങള്‍ ആ തൂലിക തുമ്പില്‍ പിറവി കൊള്ളുകയുണ്ടായി. അദ്ദേഹം സംഗീതം നല്‍കിയ മനോഹരമായ പാട്ടുകള്‍ മലയാളമുള്ളിടത്തെല്ലാം മാറ്റൊലി കൊണ്ടു. ആലപിച്ച ഗാനങ്ങള്‍ ആസ്വാദക ഹൃദയങ്ങള്‍ മാധുര്യത്തോടെ ഏറ്റുവാങ്ങി.
മാപ്പിളപ്പാട്ട്, ലളിതഗാനം, നാടകഗാനം, ഗസല്‍ തുടങ്ങിയ ശൈലികളിലുള്ള പാട്ടുകള്‍ എഴുതുകയും സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും മാപ്പിളപ്പാട്ട് ആണ് കുഞ്ഞിമ്മൂസയെ കൂടുതല്‍ പ്രശസ്തനാക്കിയത്. എസ്.വി ഉസ്മാന്‍ രചിച്ച മധുവര്‍ണ്ണ പൂവല്ലേ…. പി.ടി അബ്ദുറഹിമാന്‍ രചന നിര്‍വഹിച്ച രാപ്പകല്‍ പൂക്കളെ ഊതിയുണര്‍ത്തിയ ജീവന്റെ നായകനെവിടെ…, പി.ടി തന്നെ രചന നിര്‍വഹിച്ച നിസ്‌കാര പായ നനഞ്ഞു കുതിര്‍ന്നല്ലോ…., എസ്.വി ഉസ്മാന്‍ രചന നിര്‍വഹിച്ച ബദ്‌റില്‍ ശഹീദോരെ….എസ്.വി തന്നെ രചന നിര്‍വഹിച്ച കതിര്‍ കത്തും റസൂലിന്റെ തിരുറൗള ശരീഫെന്റെ…., ഇന്നലെ രാവിലെന്‍ മാറത്തുറങ്ങിയ പൊന്മണി പൂങ്കുയിലെവിടെ…എന്നീ ഗാനങ്ങള്‍ ആസ്വാദകരിലേക്കെത്തിയത് കുഞ്ഞിമ്മൂസയുടെ മനോഹരമായ സംഗീത സംവിധാനത്തിലായിരുന്നു.
തലശ്ശേരിയിലെ മൂലക്കല്‍ തറവാട്ടില്‍ അബ്ദുല്ലയുടെയും മറിയുമ്മയുടെയും മകനായി 1929 ലാണ് കുഞ്ഞിമ്മൂസ ജനിച്ചത്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ വരികള്‍ എഴുതിയും ഗാനങ്ങള്‍ ആലപിച്ചും കുഞ്ഞിമ്മൂസ നാട്ടുകാരുടെ ശ്രദ്ധ കവര്‍ന്നു. തലശ്ശേരി ടൗണില്‍ ചുമട്ടുകാരനായാണ് ജീവിതമാരംഭിക്കുന്നത്. കുഞ്ഞിമ്മൂസയിലെ പ്രതിഭയെ കവിയും സംഗീതഞ്ജനുമായ കെ രാഘവന്‍ മാസ്റ്ററാണ് തേച്ചു മിനുക്കിയത്.
കുഞ്ഞിമ്മുസ രാഘവന്‍ മാഷെ കണ്ടു മുട്ടന്നത് തന്നെ ആകസ്മികമായാണ്. തലശ്ശേരി ടൗണില്‍ ലോഡിംഗ് പണിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെയാണ് രാഘവന്‍ മാസ്റ്റര്‍ സമീപത്തുണ്ടെന്ന് കുഞ്ഞിമ്മൂസ അറിയുന്നത്. തൊഴില്‍ വേഷത്തില്‍ തന്നെ രാഘവന്‍ മാസ്റ്ററെ കാണുകയും പരിചയപ്പെടുകയും ചെയ്തു. കുഞ്ഞിമ്മൂസയിലെ പ്രതിഭയെ രാഘവന്‍ മാസ്റ്റര്‍ എളുപ്പത്തില്‍ തിരിച്ചറിഞ്ഞു. ആ ബന്ധം അധികം വൈകാതെ ദൃഢമാവുകയും ചെയ്തു.
രാഘവന്‍ മാസ്റ്ററുമായുള്ള പരിചയം കുഞ്ഞിമ്മൂസക്ക് ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനും കാരണമായി. മുപ്പത്തിയഞ്ച് വര്‍ഷത്തോളം ആകാശവാണിയില്‍ കുഞ്ഞിമ്മൂസ തുടര്‍ച്ചയായി പരിപാടികള്‍ അവതരിപ്പിച്ചു. അക്കിത്തം, ജി ശങ്കരക്കുറുപ്പ്, തിക്കോടിയന്‍, ശ്രീധരനുണ്ണി, പൂവ്വച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് കുഞ്ഞിമ്മൂസ സംഗീത ആവിഷ്‌കാരം നല്‍കുകയുണ്ടായി.
രാഘവന്‍ മാസ്റ്ററുടെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു കുഞ്ഞിമ്മൂസ. എം കുഞ്ഞിമ്മൂസ എ.ഐ.ആര്‍ ഫെയിം എന്ന പേരിലായിരുന്നു അന്ന് അദ്ദേഹം അറിയപ്പെട്ടത്. ആകാശവാണി പരിപാടികളുമായി ബന്ധപ്പെട്ട ഓഡിറ്റിംഗിനായി ഉദ്യോഗസ്ഥരെത്തിയപ്പോള്‍ കുഞ്ഞിമ്മൂസയെന്നയൊരാള്‍ തുടര്‍ച്ചയായി പരിപാടികള്‍ അവതരിപ്പിച്ചത് കാണുകയുണ്ടായി. ഇതിനെ കുറിച്ച് രാഘവന്‍ മാസ്റ്ററോട് അന്വേഷണവുമുണ്ടായി. കേരളത്തില്‍ ഈ രീതിയിലുള്ള പരിപാടി അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനായ ഒരാള്‍ കുഞ്ഞിമ്മൂസയാണെന്നാണ് അന്ന് രാഘവന്‍ മാസ്റ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് മറുപടി നല്‍കിയത്. സംഗീതം കുഞ്ഞിമ്മൂസക്ക് നൈസര്‍ഗികമായി ലഭിച്ച വരദാനമായിരുന്നു. സംഗീതത്തിന്റെ ശാസ്ത്രീയവശങ്ങളെ കുറിച്ച് അദ്ദേഹത്തിന് വലിയ അവഹാഗം ഉണ്ടായിരുന്നില്ല. പക്ഷെ പാട്ടുകള്‍ക്ക് അദ്ദേഹമറിയാതെ തന്നെ ശാസ്ത്രീയ ഗുണങ്ങള്‍ കൈവരികയായിരുന്നുവെന്ന് ഗായകന്‍ വി.ടി മുരളി പറഞ്ഞു.
പ്രതിഭ ആവോളമുണ്ടെങ്കിലും അതിന്റെ അഹങ്കാരം അശേഷമില്ലാത്തയാളായിരുന്നു കുഞ്ഞിമ്മൂസ. അദ്ദേഹം എഴുതിയ പാട്ടുകള്‍ പലരും സ്വന്തമെന്ന് അവകാശപ്പെട്ടപ്പോള്‍ അതിലൊന്നും വലിയ ആകുലതയില്ലാതെയാണ് അദ്ദേഹം ജീവിച്ചത്. സിനിമയില്‍ അവസരങ്ങള്‍ അടുത്തു കൈവിന്നിട്ടും അതിനോട് വലിയ താത്പര്യം കാണിച്ചില്ല. സുഖമില്ലെന്നും മറ്റും പറഞ്ഞു പിന്തിരിഞ്ഞു കളയുകയായിരുന്നു പലപ്പോഴും. സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ കുഞ്ഞിമ്മൂസയെ തേടിയെത്തുകയുണ്ടായി. അവാര്‍ഡുകളോ അവസരങ്ങളോ തേടി അദ്ദേഹം ഒരു വാതിലും പോയി മുട്ടിയില്ല. അംഗീകാരം ആഗ്രഹിച്ചുവെങ്കിലും കുറുക്കു വഴികളിലൂടെ അവ നേടിയെടുക്കാനറിയില്ലാത്ത നിസ്വനായ കലാകാരനായിരുന്നു എം. കുഞ്ഞിമ്മൂസ.