ചെന്നൈ: പ്രശസ്ത പിന്നണി ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യതത്തിന് കോവിഡ് ബാധിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളുയരുന്നു. ഗുരുതരാവസ്ഥയിലുള്ള അദ്ദേഹം ചെന്നൈ എം ജി എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ഇതിനിടയിലാണ് എസ് പി ബിക്ക് കോവിഡ് ബാധിച്ചത് ഒരു തെലുങ്ക് ടിവി പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്.
ഈ ടി വി ഷോയില്‍ പങ്കെടുത്ത ഗായിക മാളവിക കോവിഡ് സ്ഥിരീകരിച്ചിട്ടും പരിപാടിക്ക് എത്തിയതാണ് വൈറസ് ബാധയുണ്ടാകാന്‍ കാരണമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാളവിക.
കഴിഞ്ഞ അഞ്ച് മാസത്തിലേറെയായി വീട്ടില്‍ തന്നെ തുടരുന്ന താന്‍ ആദ്യമായി പങ്കെടുത്ത പരിപാടിയാണ് ആ ടിവി ഷോ എന്ന് മാളവിക വ്യക്തമാക്കി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ ഭര്‍ത്താവ് വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും പ്രായമായ അച്ഛനും അമ്മയും പ്രഭാതനടത്തതിന് പോലും വീടിന് പുറത്ത് ഇറങ്ങിയിട്ടില്ലെന്നും മാളവിക പറഞ്ഞു. രണ്ടുവയസ്സുള്ള തന്റെ മകള്‍ വീട്ടില്‍ ഉള്ളതിനാല്‍ പ്രത്യേക ശ്രദ്ധയോടെയാണ് കോവിഡ് കാലം ചിലവഴിച്ചതെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ മാളവിക പറഞ്ഞു.
‘എസ് പി ബിക്കും പരിപാടിയില്‍ പങ്കെടുത്ത മറ്റു ചിലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു എന്ന് അറിഞ്ഞതിന് ശേഷമാണ് ഞാന്‍ പരിശോധന നടത്തിയത്. മുന്‍കരുതലെന്നോണം വീട്ടില്‍ എല്ലാവരുടെയും പരിശോധന നടത്തി. എനിക്കും അച്ഛന്‍, അമ്മ, മകള്‍ എന്നിവര്‍ക്കും നിര്‍ഭാഗ്യവശാന്‍ പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് ലഭിച്ചു. ഭര്‍ത്താവിന്റെയും െ്രെഡവറുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. വളരെ ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്’, മാളവിക കുറിച്ചു.
അതേസമയം, എത്രയും വേഗം സുഖം പ്രാപിക്കാനുള്ള പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.