സിംഗപ്പൂരിന്റെ ആദ്യ വനിത പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ ഹലീമ യാക്കൂബ് ചരിത്രം കുറിച്ചു. വോട്ടെടുപ്പ് നടത്താതെ എതിരില്ലാതെയാണ് ഹലീമ തെരഞ്ഞെടുക്കപ്പെട്ടത്. സിംഗപ്പൂര്‍ പാര്‍ലമെന്റിന്റെ ആദ്യ വനിതാ സ്പീക്കറായും അവര്‍ ചരിത്രത്തില്‍ ഇടംനേടിയിരുന്നു. സിംഗപ്പൂര്‍ പ്രസിഡന്റിന്റേത് ആലങ്കാരികപദവിയാണ്. സ്ഥാനാര്‍ത്ഥിത്വത്തിന് കടുത്ത നിബന്ധനകള്‍ ഉള്ളതുകൊണ്ടാണ് ഹലീമക്ക് എതിരില്ലാതെ അനായാസം വിജയം ഉറപ്പിക്കാന്‍ സാധിച്ചത്. 63കാരിയായ ഹലീമ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ചൈനീസ് വംശജര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യത്ത് മുസ്്‌ലിം മലായ ന്യൂനപക്ഷത്തില്‍നിന്നുള്ള വ്യക്തിക്ക് മാത്രമേ മത്സരിക്കാനാവൂ എന്ന നിബന്ധനയാണ് തെരഞ്ഞെടുപ്പ് ഒഴിവാക്കിയത്. ഹലീമക്കു പുറമെ രണ്ടുപേര്‍കൂടി പത്രിക നല്‍കിയിരുന്നു. എന്നാല്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് നിശ്ചിത ശതമാനം ഓഹരി വേണമെന്ന നിബന്ധന അവര്‍ക്ക് തിരിച്ചടിയായി. ജനാധിപത്യ രീതിയില്‍ വോട്ടെടുപ്പ് നടത്താതെ ഹലീമയെ എതിരില്ലാതെ തെരഞ്ഞെടുത്തത് വ്യാപക വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. മത, ജാതി, ഭാഷ, വര്‍ഗ വ്യത്യാസമില്ലാതെ എല്ലാവരുടേയും പ്രസിഡന്റായി താന്‍ പ്രവര്‍ത്തിക്കുമെന്ന് ഹലീമ ഉറപ്പുനല്‍കി. നിയമത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഹലീമ സിംഗപ്പൂരില്‍ തൊഴിലാളികളുടെ അഭിഭാഷകയായിരുന്നു. ഭരണകക്ഷിയായ പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിയില്‍ അംഗമായിരുന്ന അവര്‍ 2001ലാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. നാഷണല്‍ ലീഗല്‍ യൂണിന്‍ കോണ്‍ഗ്രസ്, ലീഗല്‍ സര്‍വീസ് ഡിപ്പാര്‍ട്‌മെന്റ്, വുമന്‍സ് ഡെവലപ്‌മെന്റ് സൊസൈറ്റി എന്നിവയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കുടുംബക്ഷേമ വകുപ്പ് മന്ത്രിയായും അവര്‍ കഴിവു തെളിയിച്ചിട്ടുണ്ട്.
- 8 years ago
chandrika
Categories:
Video Stories
ഹലീമ യാക്കൂബ് സിംഗപ്പൂരിന്റെ ആദ്യ വനിതാ പ്രസിഡന്റ്
Tags: singapore