സിംഗപ്പൂരില്‍ ജനിച്ചുവീണ നവജാത ശിശുവിന്റെ ശരീരത്തില്‍ കോവിഡിന് എതിരെയുള്ള ആന്റി ബോഡികള്‍ കണ്ടെത്തി. ഈമാസം ഏഴിന് സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ 31 കാരിയായ സെലിന്‍ നഗ് ചാന്‍ ആണ് ഈ കുഞ്ഞിന് ജന്മം നല്‍കിയത്. മാര്‍ച്ചില്‍ യൂറോപ്പില്‍ അവധിക്കാലം ആഘോഷിച്ച് മടങ്ങിയെത്തിയ നഗ് ചാന് പ്രസവത്തിന്റെ പത്താം മാസത്തിലാണ് കോവിഡ് ബാധിച്ചത്. രണ്ടാഴ്ചയോളം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
അമ്മയില്‍നിന്ന് കുഞ്ഞിന് കോവിഡ് പകര്‍ന്ന ശേഷം പ്രതിരോധം പ്രതികരണം ഉണ്ടായതാണോ അതോ നേരിട്ട് ആന്റി ബോഡികള്‍ കൈമാറ്റം ചെയ്യപ്പെട്ടതാണോ എന്നു വ്യക്തമല്ല. എന്നാല്‍ ഇത്തരത്തില്‍ അമ്മയില്‍നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക് കോവിഡ് പകരുന്നതിന് സ്ഥിരീകരണം ഇല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
നവജാതശിശുവിന് ചുറ്റുമുള്ള ദ്രാവകത്തിലോ മറുപിള്ളയിലോ മുലപ്പാലിലോ സജീവമായ വൈറസിനെ സാന്നിധ്യം നാളിതുവരെ കണ്ടെത്തിയിട്ടില്ല.
കോവിഡ് രോഗികളായ സ്ത്രീകള്‍ക്ക് ജനിച്ച ശിശുക്കളിലെ ആന്റിബോഡികളുടെ സാന്നിധ്യത്തെ കുറിച്ചും അവ ക്രമത്തില്‍ കുറഞ്ഞുവരുന്നതിനെക്കുറിച്ചും ചൈനീസ് ഡോക്ടര്‍മാര്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നതായി എമെര്‍ജിങ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.
അമ്മയില്‍ നിന്നു നവജാതശിശു വിലേക്ക് കൊറോണ വൈറസ് പകരുന്നത് അപൂര്‍വമാണെന്ന് പ്രിസ്‌ബെറ്ററിന്‍/ കോളംബിയ ഇര്‍വിങ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരും ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ ഗര്‍ഭിണിയായ അമ്മയില്‍നിന്ന് നവജാതശിശുവിലേക്ക് വൈറസ് പകരാം എന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഏപ്രിലില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.