X
    Categories: Newsworld

ഗര്‍ഭധാരണം നീട്ടേണ്ട, സഹായം നല്‍കാം; ഓഫറുമായി സിംഗപൂര്‍ സര്‍ക്കാര്‍

സിംഗപൂര്‍: ജനസംഖ്യാ വര്‍ധന ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പദ്ധതി കോവിഡ് മൂലം അവതാളത്തിലായതോടെ സഹായ പ്രഖ്യാപനവുമായി സിംഗപൂര്‍ സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധി മൂലം ഗര്‍ഭധാരണം മാറ്റിവയ്‌ക്കേണ്ടതില്ല എന്നും ദമ്പതികള്‍ക്ക് സഹായം നല്‍കാന്‍ ഒരുക്കമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഉപപ്രധാനമന്ത്രി ഹെങ് സ്വീ കീത് പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്.

‘കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ചില ദമ്പതിമാര്‍ കുഞ്ഞിന് വേണ്ടിയുളള കാത്തിരിപ്പ് നീട്ടിവെച്ചതായി ചില പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. ഇക്കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ കാലയളവിലെ ചെലവുകള്‍ക്കായി ഒറ്റത്തവണ ധനസഹായ പദ്ധതി സര്‍ക്കാര്‍ അവതരിപ്പിക്കും.’- എന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

ജനസംഖ്യാ വര്‍ധനവ് ലക്ഷ്യമിട്ട് രാജ്യത്ത് ബേബി ബോണസ് എന്ന പദ്ധതി നടന്നുവരുന്നുണ്ട്. ഇതിന് പുറമേയായിരിക്കും ധനസഹായം. ബേബി ബോണസ് പ്രകാരം അര്‍ഹരായ ദമ്പതികള്‍ക്ക് 10,000 സിംഗപ്പൂര്‍ ഡോളര്‍ വരെ സര്‍ക്കാര്‍ ധസഹായം നല്‍കുന്നുണ്ട്.

2018ല്‍ സിംഗപ്പൂരിന്റെ ജനന നിരക്ക് എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ആ നിരക്ക് കഴിഞ്ഞ വര്‍ഷവും മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് അമ്പത്തിയേഴായിരത്തില്‍ അധികം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 27 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

Test User: