X

സിന്ധുവിനെ വീഴ്ത്തി സൈനക്ക് കിരീടം

നാഗ്പൂര്‍: ഇന്ത്യന്‍ ബാഡ്മിന്റണിലെ റാണിമാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ജയം സൈന നേവാളിന്. സീനിയര്‍ ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സൈന, ഒളിംപിക് – ലോക ചാമ്പ്യന്‍ഷിപ്പ് വെള്ളിമെഡല്‍ ജേതാവ് പി.വി സിന്ധുവിനെ വീഴ്ത്തി കിരീടമുയര്‍ത്തിയത്. പുരുഷ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ താരം കിഡംബി ശ്രീകാന്തിനെ വീഴ്ത്തി മലയാളി താരം എച്ച്.എസ് പ്രണോയ് ജേതാവായി.
സൈനയും സിന്ധുവും തമ്മിലുള്ള കലാശപ്പോരിന് സാക്ഷിയാവാന്‍ വന്‍ ജനക്കൂട്ടമാണ് ഡിവിഷണല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ മത്സര വേദിയിലെത്തിയത്. തുടക്കം മുതല്‍ വാശിയോടെ ഇരുവരും പോരാടിയെങ്കിലും 10-7ന് ലീഡെടുത്ത സൈന പിന്നീട് അത് നിലനിര്‍ത്തി ഒന്നാം ഗെയിം 21-17 ന് സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ സിന്ധു 18-14 വരെ ലീഡ് നിലനിര്‍ത്തിയെങ്കിലും പൊരുതിക്കളിച്ച സൈന ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ ഒപ്പമെത്തി. ഗാലറിയെ ഇളക്കമറിച്ച ഗെയിം ഒടുവില്‍ 27-25 ന് സ്വന്തമാക്കിയ സൈന കിരീടം സ്വന്തമാക്കി.
മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ ശ്രീകാന്തിനെതിരെ 21-15, 16-21, 21-7നായിരുന്നു എച്ച്.എസ് പ്രണോയ് ജയിച്ചുകയറിയത്. കഴിഞ്ഞയാഴ്ച ലോകറാങ്കിങില്‍ കരിയര്‍ ബെസ്റ്റ് ആയ 11-ലെത്തിയ പ്രണോയ്ക്ക് തന്നേക്കാള്‍ ഏറെ മുന്നിലുള്ള ശ്രീകാന്തിനെതിരായ ജയം മധുരതരമായി.
വനിതാ താരം അശ്വിനി പൊന്നപ്പ രണ്ട് കിരീടങ്ങള്‍ സ്വന്തമാക്കി. വനിതാ ഡബിള്‍സില്‍ എന്‍. സിക്കി റെഡ്ഡിക്കും മിക്‌സഡില്‍ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിക്കുമൊപ്പമായിരുന്നു അശ്വിനിയുടെ നേട്ടം. പുരുഷ ഡബിള്‍സില്‍ മനു ആത്രി – ബി. സുമീത് റെഡ്ഡി സഖ്യം ജേതാക്കളായി.

chandrika: