തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തനത്തിനിടെ വിമര്‍ശിച്ചതിന് ഏറ്റവും കൂടുതല്‍ വധഭീഷണി നേരിട്ടത് സംഘപരിവാറില്‍ നിന്നാണെന്ന് തുറന്നടിച്ച് ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാര്‍. സമകാലിക മലയാളം വാരികക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സിന്ധുവിന്റെ വെളിപ്പെടുത്തല്‍. വ്യക്തിപരമായി അധിക്ഷേപിക്കുകയെന്നാണ് സംഘപരിവാറിന്റെ രീതി.
ഏഷ്യാനെറ്റിലെ കവര്‍ സ്റ്റോറിയെന്ന പ്രതിവാര പരിപാടി അവതരിപ്പിക്കുമ്പോള്‍ പല കോണുകളില്‍ നിന്ന് ഭീഷണി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ സംഘപരിവാറില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വധഭിഷണി നേരിടേണ്ടി വന്നത്.
സിപിഎമ്മില്‍ നിന്നും സംഘപരിവാറില്‍ നിന്നുമുണ്ടാകുന്ന ആക്രമണം രണ്ടു തരമാണ്. സിപിഎമ്മിനെ അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ വധഭീഷണിയൊന്നും അവര്‍ മുഴക്കിയിട്ടില്ല. വിവരമില്ലാത്തവളാണെന്ന വരുത്തി തീര്‍ക്കാനാണ് സംഘപരിവാര്‍ പ്രാഥമികമായി ശ്രമിക്കുക. ഇതിനായി പരിഹാസവും വിമര്‍ശനവും അഴിച്ചുവിടും.
പിന്നെ വധഭീഷണിയാണുണ്ടാവുക. കവര്‍സ്റ്റോറി ചെയ്യുന്നത് ഒരു പുരുഷനായിരുന്നെങ്കില്‍ തനിക്കു നേരിടേണ്ടി വന്ന അത്ര അധിക്ഷേപം ഉണ്ടാവില്ലായിരുന്നു. സ്ത്രീയാണ് എന്നതു വെച്ചുള്ള ഒരു പ്രത്യേക ആക്രമണമാണ് തനിക്കു നേരെയുണ്ടാകുന്നത്. അതിലൂടെ ചെറുതാക്കാം എന്നാണ് അവര്‍ കരുതുന്നത്. നമ്മളങ് ക്ഷീണിച്ച് ഇല്ലാതാകും എന്ന മട്ടിലുള്ള ശ്രമം സംഘപരിവാറില്‍ നിന്നു മാത്രമാണ് ഉണ്ടാവുക. വ്യക്തിപരമായ ആരോപണങ്ങള്‍ സഖാക്കള്‍ ഉന്നയിക്കാറുണ്ട്. ആരെങ്കിലും വിമര്‍ശിക്കപ്പെടുമ്പോള്‍ ഇവളാരാ കയറിയിരുന്ന് ആളുകളെ ചീത്ത പറയാന്‍ എന്ന രീതിയുണ്ട്. വലിയ ആളുകളും എത്രയോ വര്‍ഷത്തെ അനുഭവങ്ങളുള്ള നേതാക്കന്മാരുമാണ് ഇത്തരം ചിന്താഗതിക്കാര്‍. ഈ പെണ്ണിനെന്തു കാര്യം എന്ന മട്ടിലാണ് പലരുടെയും ചോദ്യം. പെണ്ണായതു കൊണ്ടുള്ള അധിക്ഷേപങ്ങളാണ് ഇതെല്ലാമെന്ന് സിന്ധു പറയുന്നു.
‘ദുര്‍ഗാദേവിയെ വിമര്‍ശിച്ചുവെന്ന കോലാഹലം സത്യത്തില്‍ ഞാന്‍ പറയാത്ത കാര്യത്തിലായിരുന്നു. ന്യൂസ് അവറിന്റെ പേരിലായിരുന്നു കോലാഹലങ്ങളെങ്കിലും അത് ന്യൂസ് അവറിന്റെ പേരിലാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. മറിച്ച്, ഞാന്‍ കവര്‍ സ്റ്റോറി ചെയ്യുന്ന ആളായതുകൊണ്ടാണെന്നാണ് അന്നും ഇന്നും മനസ്സിലാകുന്നത്.
ആ ന്യൂസ് അവറില്‍ അങ്ങനെയൊന്നും ഞാന്‍ പറഞ്ഞിട്ടില്ല, വിവാദമുണ്ടാക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. പക്ഷേ, നോക്കിവച്ചിരിക്കുന്ന ഒരു ടാര്‍ഗറ്റാണ് എന്നതുകൊണ്ട് ആക്രമിച്ചു എന്നേയുള്ളു. അത് വേറിട്ട ഒരു വലിയ തരം സൈബര്‍ ആക്രമണമോ അല്ലാത്ത ആക്രമണമോ ഒക്കെ ആയിരുന്നു.’ സിന്ധു പറയുന്നു. കേന്ദ്രത്തില്‍ ബിജെപി അധികാരമേറ്റതോടെയാണ് ഇത്തരമൊരു സാഹചര്യമുണ്ടായതെന്നും സിന്ധു തുറന്നടിച്ചു.