ന്യൂഡല്‍ഹി : സിന്ധു നദീതട സംസ്‌കാരത്തിലെ ജനങ്ങള്‍ ഭക്ഷണത്തില്‍ വലിയ തോതില്‍ മാംസം ഉള്‍പ്പെടുത്തിയിരുന്നുവെന്ന് പഠനം. ആര്‍ക്കിയോളജിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പുതിയ പഠനമുള്ളത്. കന്നുകാലികളുടെ മാംസം വലിയ തോതില്‍ ഭക്ഷണമായി ഉപയോഗിച്ചിരുന്നെന്ന് പഠനത്തില്‍ പറയുന്നു.
നിലവിലെ ഹരിയാണയിലും ഉത്തര്‍പ്രദേശിലും സിന്ധൂ നദീതട നാഗരികത നിലനിന്നിരുന്നയിടങ്ങളിലെ പുരാതന സെറാമിക് പാത്രങ്ങളിലാണ് പന്നി, കന്നുകാലികള്‍, എരുമ, ആട്, തുടങ്ങിയവയുടെ മാംസ, പാല്‍ ഉത്പന്നങ്ങളുടെ സാന്നിധ്യം ധാരാളമായി കണ്ടെത്തിയത്. ഇന്നത്തെ ഹരിയാണ, ഉത്തര്‍പ്രദേശ് മേഖലകളില്‍ നിന്നാണ് പഠനത്തിനുള്ള സാമ്പിളുകള്‍ ശേഖരിച്ചത്.
പൂണെ ഡെക്കാന്‍ കോളേജിലെ മുന്‍ വൈസ് ചാന്‍സലറും പ്രശസ്ത പുരാവസ്തു ഗവേഷകനുമായ പ്രൊഫ. വസന്ത് ഷിന്‍ഡെ, ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ പ്രൊഫ. രവീന്ദ്ര എന്‍ സിംഗ്, മിറിയം ക്യൂബാസ്, ഒലിവര്‍ ഇ. ക്രെയ്ഗ്, കാള്‍ പി. ഹെറോണ്‍, ടാംസിന്‍ സി ഓ കോനെല്‍, കേംബ്രിഡ്ജ് സര്‍വകലാശാലയിലെ കാമറൂണ്‍ എ. പെട്രി എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.