X
    Categories: Newsworld

1950 മുതല്‍ രണ്ട് ലക്ഷത്തിലേറെ കുട്ടികള്‍ ഫ്രഞ്ച് പുരോഹിതരുടെ പീഡനത്തിനിരയായി

പാരിസ്: 1950ന് ശേഷം ഫ്രാന്‍സില്‍ 216,000 കുട്ടികള്‍ കത്തോലിക്കാ പുരോഹതിരുടെ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് സ്വതന്ത്രാന്വേഷണ റിപ്പോര്‍ട്ട്. പതിറ്റാണ്ടുകളോളം മൗനത്തിന്റെ മൂടുപടത്തില്‍ ഒളിപ്പിച്ച പ്രതിഭാസമെന്നാണ് അന്വേഷണ കമ്മീഷന്‍ മേധാവി സാന്‍ മാര്‍ക് സോവ് ഇതിനെ വിശേഷിപ്പിച്ചത്. ലോകവ്യാപകമായി റോമന്‍ കത്തോലിക്ക സഭയെ പിടിച്ചുകുലുക്കിയ ലൈംഗികാരോപണ പരമ്പരകള്‍ക്ക് ശേഷമാണ് ഫ്രഞ്ച് അന്വേഷണ റിപ്പോര്‍ട്ട്.

ഫ്രാന്‍സിലെ ലൈംഗിക പീഡനങ്ങളില്‍ 3000 ത്തോളം പുരോഹിതരടക്കം അനവധി ആളുകള്‍ക്ക് പങ്കുണ്ടെന്ന് കമ്മീഷന്‍ പറുന്നു. പീഡനത്തിനിരയായവരില്‍ 80 ശതമാനവും ആണ്‍കുട്ടികളാണ്. ഇരകളെക്കാള്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് വര്‍ഷങ്ങളായി സഭ സ്വീകരിച്ചുപോരുന്നതെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.

ലൈംഗിക പീഡനങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു. ചില ഘട്ടങ്ങളില്‍ അറിഞ്ഞുകൊണ്ട് തന്നെ കുട്ടികളെ ചൂഷകര്‍ക്ക് വിട്ടുകാടുത്തതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെക്കാലം മറച്ചുവെച്ച ലജ്ജാകരമായ രഹസ്യങ്ങളാണ് 2500 പേജുള്ള റിപ്പോര്‍ട്ടിലുള്ളത്. ഇരകളില്‍നിന്നും ദൃക്‌സാക്ഷികളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. 2018ല്‍ ഫ്രാന്‍സിലെ കത്തോലിക്ക ബിഷപ്പുമാരാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. 1950കള്‍ മുതലുള്ള പത്രവാര്‍ത്തകള്‍, പൊലീസ് റിപ്പോര്‍ട്ടുകള്‍, കോടതി രേഖകള്‍ തുടങ്ങി നിരവധി രേഖകള്‍ പഠനത്തിന് ആധാരമാക്കി. 2700 ഇരകളില്‍നിന്ന് മൊഴിയെടുത്തു. പീഡനത്തിനിരയായ ആയിരക്കണക്കിന് ആളുകളുടെ പേരുകള്‍ കമ്മീഷന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.

 

Test User: