X
    Categories: MoreViews

സിസു സംഘം റെഡിയാവുന്നു

മാഡ്രിഡ്: ഇനി കൃത്യം ആറ് ദിവസം. റയല്‍ മാഡ്രിഡ് താരങ്ങള്‍ക്ക് ഈ ആറ് ദിവസത്തിന്റെ വിലയറിയാം. അവരെല്ലാം ഇന്നലെ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ഒരുമിച്ചു. അടുത്ത മൂന്ന് ദിവസം ഇവിടെ പരിശീലനം. അതിന് ശേഷം വെയില്‍സിലേക്കുള്ള യാത്ര. അടുത്ത മൂന്ന് ദിവസം കാര്‍ഡിഫില്‍ പരിശീലനം. പിന്നെ നിര്‍ണായകമായ ഫൈനല്‍. യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ് എന്ന വലിയ കിരീടം നിലനിര്‍ത്താന്‍ ഇറ്റാലിയന്‍ കരുത്തരായ യുവന്തസുമായുള്ള മഹാ ഫൈനല്‍.

ഒരാഴ്ച്ച മുമ്പാണ് റയല്‍ ലാലീഗ കിരീടം സ്വന്തമാക്കിയത്. മലാഗയില്‍ മലാഗക്കെതിരായ അവസാന പോരാട്ടത്തില്‍ രണ്ട് ഗോളിന്റെ മാസ്മരിക വിജയം സ്വന്തമാക്കി ആ ദിവസം തന്നെ മാഡ്രിഡിലേക്ക് വന്ന് ആഘോഷം പൊടിപൂരമാക്കിയവര്‍. നാല് ദിവസത്തോളം വലിയ ആഘോഷമായിരുന്നു. ഇന്നലെ ആഘോഷത്തില്‍ നിന്നും അടുത്ത പോരാട്ടത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി പരിശീലന വേദിയിലേക്ക്. ബെര്‍ണബുവിലെ പ്രധാന വാര്‍ത്ത ജെറാത്ത് ബെയില്‍ പരിശീലനത്തില്‍ സജീവമായി പങ്കെടുത്തു എന്നതാണ്. ഒരു മാസത്തോളമായി പരുക്കുമായി കളത്തിന് പുറത്താണ് ബെയില്‍. ലാലീഗയിലെ നിര്‍ണായക മല്‍സരങ്ങളെല്ലാം നഷ്ടമായി. എല്‍ ക്ലാസിക്കോയിലാണ് അവസാനമായി കളിച്ചത്. ആ മല്‍സരത്തില്‍ റയല്‍ തോറ്റപ്പോള്‍ വിമര്‍ശകര്‍ പറഞ്ഞത് കോച്ച് സൈനുദ്ദീന്‍ സിദാന്‍ ആരോഗ്യമില്ലാത്ത ബെയിലിനെ പരീക്ഷിച്ചതാണ് തിരിച്ചടിയായതെന്നാണ്. പിന്നെ ഒരു മല്‍സരത്തിലും ബെയില്‍ പങ്കെടുത്തില്ല. പക്ഷേ ജൂണ്‍ മൂന്നിന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരാട്ടത്തില്‍ ബെയിലിന് കളിക്കണം. കാരണം കാര്‍ഡിഫിന്റെ സ്വന്തം പുത്രനാണ് ബെയില്‍. വെയില്‍സ് എന്ന് കൊച്ചു രാജ്യത്തെ ഫുട്‌ബോള്‍ ഭുപഠത്തിലേക്ക് കൊണ്ടുവന്നത് ബെയിലാണ്. റെക്കോര്‍ഡ് പ്രതിഫലത്തിന് റയല്‍ ബെയിലിനെ കരാര്‍ ചെയ്തപ്പോള്‍ ആ രാജ്യമാണ് അത് ആഘോഷമാക്കിയത്. ചെറുപ്പം മുതല്‍ ബെയില്‍ പന്ത് തട്ടിയ മൈതാനത്ത് സ്വന്തം ക്ലബിനായി ഒരു വന്‍കരാ ഫൈനല്‍-അത് നഷ്ടമാവരുതെന്ന നിര്‍ബന്ധമുണ്ട് യുവതാരത്തിന്. പക്ഷേ ഇപ്പോഴും അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് കാര്യത്തില്‍ സിദാന്‍ ഒന്നും പറഞ്ഞിട്ടില്ല.
ലാലീഗ കിരീടം സ്വന്തമാക്കിയപ്പോള്‍ സിദാന്‍ പറഞ്ഞത് വലിയ ലക്ഷ്യം കാര്‍ഡിഫിലുണ്ടെന്നാണ്. കഴിഞ്ഞ സീസണില്‍ ലാലീഗ കിരീടം നഷ്ടമായപ്പോള്‍ റയലിന് ചാമ്പ്യന്‍സ് ലീഗ് കിരീടം ലഭിച്ചിരുന്നു. അന്ന് ഷൂട്ടൗട്ട് വഴി പരാജയപ്പെടുത്തിയത് അത്‌ലറ്റികോ മാഡ്രിഡിനെ. ആ അയല്‍ക്കാരെയാണ് ഇത്തവണ സെമിയില്‍ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ചത്. കലാശം ഇറ്റാലിയന്‍ കരുത്തരായ യുവന്തസുമായിട്ടാവുമ്പോള്‍ സമ്മര്‍ദ്ദം ചെറുതല്ല. ബാര്‍സയെ പോലെ അതിശക്തരെ വിറപ്പിച്ച് വിട്ടവരാണ് ജിയാന്‍ ലുക്കാ ബഫണ്‍ നയിക്കുന്ന യുവന്തസ്. ഏറ്റവും നല്ല ഡിഫന്‍ഡര്‍മാര്‍. ചെലിനിയും ബര്‍സാഗിയുമെല്ലാം. മുന്‍നിരയില്‍ ഡിബാല, ഹ്വിഗിന്‍ തുടങ്ങിയവര്‍. തകര്‍പ്പന്‍ പോരാട്ടത്തിനുള്ള ഒരുക്കത്തില്‍ ഒരു വീട്ടുവീഴ്ച്ചക്കും സിദാന്‍ ഒരുക്കമല്ല.

chandrika: