പാരീസ്: എക്കാലത്തെയും ഏറ്റവും മികച്ച വനിതാ ജിംനാസ്റ്റ് ആരാണെന്ന ചോദ്യത്തിന് ഉത്തരം റുമേനിയക്കാരി നാദിയ കോമനേച്ചിയാവാം. പക്ഷേ ആധുനിക കായിക ലോകം സിമോൺ ബെൽസ് എന്ന അമേരിക്കൻ ജിനാസ്റ്റിനെ നോക്കിപറയും-ഷീ ഈസ് ദി ഗോട്ട്-ഗ്രെയിറ്റസ്റ്റ് ഓഫ് ഓൾ ടൈം….
വെല്ലുവിളികൾ നിറഞ്ഞ കുട്ടിക്കാലം. പീഡനാനുഭവങ്ങളുടെ കൗമാരം,മാനസിക പിരിമുറുക്കത്തിൻറെ യുവത്വം. മൂന്ന് വർഷം മുമ്പ് ടോക്കിയോ ഒളിംപിക്സിനെത്തി മാനസികാരോഗ്യം ശരിയിലെന്ന് പറഞ്ഞ് മടങ്ങിയ സിമോൺ പാരീസിൽ മടങ്ങിയെത്തി സ്വന്തമാക്കിയത് സ്വർണമായിരുന്നു. 27-കാരിയായ താരം ടീം ഇനത്തിൽ അമേരിക്കക്കായി സ്വർണം സ്വന്തമാക്കിയ ശേഷം ഇന്നലെ വീണ്ടും റിംഗിലുണ്ടായിരുന്നു. വോൾട്ടിലും അൺഈവൻ ബാർസിലും, ബീമിലും, ഫ്ളോറിലും അസാധ്യ മികവ് പ്രകടിപ്പിക്കുന്ന സിമോണാണ് പാരീസിലെ സൂപ്പർതാരം. എവിടെയും ഫാൻസ്. എല്ലാവരോടും സൗഹൃദം. കായിക ലോകത്തെ മാനസികാരോഗ്യനിലയെകുറിച്ച് ആദ്യമായി ആധികാരികമായി സംസാരിച്ച താരമെന്ന നിലയിലാണ് യുവത്വം സിമോണിനെ മാതൃകയാക്കുന്നത്.
ടോക്കിയോ ഒളിംപിക്സ് വേദിയിൽ മാനസികമായി താൻ മൽസരസന്നദ്ധയലെന്ന് പറഞ്ഞതിന് സഹതാരങ്ങൾ പോലും സിമോണിനെ തള്ളിപ്പറഞ്ഞിരുന്നു. അവരിലൊരാൾ പാരീസ് മൽസരത്തിന് മുമ്പ് യു. എസ് ജിംനാസ്റ്റിക്സ് സംഘത്തിലെ പലരും അലസരാണെന്നും മെഡൽ സാധ്യതയിലെന്നും സ്വന്തം ബ്ളോഗിൽ കുറിച്ചപ്പോൾ അവർക്ക് സ്വർണം നേടിയാണ് സിമോൺ മറുപടി നൽകിയത്. താനുൾപെടെ നിരവധി വനിതാ ജിംനാസ്റ്റുകളെ അമേരിക്കൻ ടീമിലെ ഡോക്ടർ ലൈംഗീകമായി പീഡിപ്പിച്ചിരുന്നു എന്ന് പരസ്യമായി പറഞ്ഞ സിമോൺ അമേരിക്കൻ കായികലോകത്തെ കൊള്ളരുതായ്മകളെയും തുറന്ന് കാട്ടിയിരുന്നു.