X

മോദി ഭരണത്തിനു കീഴിൽ ബ്രിട്ടീഷ് രാജിന് സമാനമായ സാഹചര്യം – പ്രിയങ്ക ഗാന്ധി

മോദി ഭരണത്തിനു കീഴിൽ ബ്രിട്ടീഷ് രാജിന് സമാനമായ സാഹചര്യമാണെന്നും സർക്കാർ നയങ്ങൾ സമ്പന്നരെ മാത്രം സഹായിക്കാനുള്ളതാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട സ്ഥാപനങ്ങൾക്ക് അപചയം സംഭവിച്ചെന്നും ഭരണഘടനയിൽ മാറ്റം വരുത്താൻ മോദി സർക്കാർ ശ്രമിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയെ സംബോധന ചെയ്യുകയായിരുന്നു അവർ.

“ബ്രിട്ടീഷ് രാജിന് സമാനമായ സാഹചര്യമാണ് രാജ്യത്തുള്ളത്. മോദി സർക്കാറിന്റെ നയങ്ങൾ പാവങ്ങളെ സഹായിക്കാനുള്ളതല്ല, സമ്പന്നർക്ക് ഗുണം ലഭിക്കാൻ വേണ്ടിയുള്ളതാണ്. ഇന്ന് രാജ്യത്ത് നിലവിലുള്ള അസമത്വം ബ്രിട്ടീഷ് രാജിനേക്കാൾ മോശം അവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട സ്ഥാപനങ്ങൾക്ക്, പാർലമെന്റിനും മാധ്യമങ്ങൾക്കും ഉൾപ്പെടെ അപചയം സംഭവിച്ചിരിക്കുന്നു. ജനങ്ങളുടെ അവകാശം നേടിയെടുക്കാനായി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവരാണ് മഹാത്മ ഗാന്ധിയും പണ്ഡിറ്റ് നെഹ്റുവും. എന്നാൽ സ്വതന്ത്ര ഇന്ത്യയിൽ സർക്കാർ തന്നെ പൗരാവകാശത്തിനുമേൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അവർ ഒരിക്കലും ചിന്തിച്ചുകാണില്ല” -പ്രിയങ്ക പറഞ്ഞു.

സംവരണ വിഷയത്തിലുൾപ്പെടെ ഭരണഘടനയിൽ മാറ്റം വരുത്താൻ മോദി സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് പ്രിയങ്ക ആരോപിച്ചു. കോടിക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിയ സംവിധാനമാണ് സംവരണം. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ പുതിയ പദ്ധതികളും തൊഴിലവസരങ്ങളും കൊണ്ടുവന്നു. കോൺഗ്രസ് കൊണ്ടുവന്ന പദ്ധതികൾ തങ്ങളുടേതെന്ന പേരിൽ പ്രചരിപ്പിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. സംസാരത്തിലും പെരുമാറ്റത്തിലും പ്രവൃത്തിയിലും താഴ്ന്ന നിലവാരം കാണിക്കുന്ന ഒരാൾ പ്രധാനമന്ത്രി പദത്തിലിരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു.

മേയ് 20നാണ് റായ്ബറേലിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019ൽ 5.35 ലക്ഷം വോട്ടുനേടിയ സോണിയ ഗാന്ധി ഇവിടെനിന്ന് വിജയിച്ചിരുന്നു. 2004 മുതൽ അമേത്തിയിൽനിന്ന് വിജയിച്ചിരുന്ന രാഹുൽ ഗാന്ധി കഴിഞ്ഞ തവണ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് പരാജയം ഏറ്റുവാങ്ങി.

webdesk13: