നിങ്ങള്‍ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന ഫോണ്‍ നമ്പറിന് പിന്നീട് എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ. പൊതുവേ ടെലികോം സേവനദാതാക്കള്‍ അത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന നമ്പറുകള്‍ റീസൈക്കിള്‍ ചെയ്ത് പുതിയ യൂസര്‍ക്ക് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ പ്രക്രിയ മുമ്പ് നമ്പറുകള്‍ സ്വന്തമാക്കിയിരുന്ന ഉപയോക്താക്കള്‍ക്ക് സുരക്ഷിതമല്ല. നിങ്ങളുടെ പഴയ നമ്പര്‍ ഒരു പുതിയ യൂസര്‍ക്ക് ലഭിക്കുമ്പോള്‍ അതിനൊപ്പമുള്ള ഡാറ്റയും അയാളിലേക്ക് എത്തുകയും അയാള്‍ക്ക് പ്രാപ്യമാവുകയും ചെയ്യും.
അമേരിക്ക ആസ്ഥാനമായുള്ള പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ പുതിയ കണ്ടെത്തലുകള്‍ അനുസരിച്ച്, നമ്പറുകള്‍ പുനരുപയോഗം ചെയ്യുന്നതിലൂടെ ഉപയോക്താക്കളെ സുരക്ഷയും സ്വകാര്യതയും അപകടത്തിലാകാം. റീസൈക്കിള്‍ ചെയ്ത നമ്പറുകള്‍ പുതിയ ഉപയോക്താക്കളെ പഴയ ഉപയോക്താക്കളുടെ വിവരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ അനുവദിക്കുന്നു. നമ്പര്‍ മാറ്റുമ്പോള്‍, പലരും എല്ലാ ഡിജിറ്റല്‍ അക്കൗണ്ടുകളിലും പുതിയ നമ്പര്‍ ഉടനടി അപ്‌ഡേറ്റ് ചെയ്യാന്‍ മറക്കാറാണ് പതിവ്.
പുതിയ നമ്പറെടുത്ത ഒരു മാധ്യമപ്രവര്‍ത്തകന് രക്തപരിശോധനാ ഫലങ്ങളും സ്പാ അപ്പോയിന്റ്‌മെന്റ് റിസര്‍വേഷനുകളും അടങ്ങിയ ആയിരക്കണക്കിന് ടെക്സ്റ്റ് മെസ്സേജുകളാണ് വന്നടിഞ്ഞതെന്ന് പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങള്‍ അത്തരത്തില്‍ 200 ഓളം പുനരുപയോഗിക്കപ്പെട്ട നമ്പറുകള്‍ നിരീക്ഷിച്ചെന്നും അവയില്‍ 19 ഓളം നമ്പറുകളില്‍ ഇപ്പോഴും സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കുന്ന കോളുകളും സന്ദേശങ്ങളും വരുന്നതായി കണ്ടെത്തിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമായും പഴയ ഉടമയെ കാത്തിരിക്കുന്നത് ഹാക്കിങ്ങാണ്. എസ്.എം.എസ് ഉപയോഗിച്ചുള്ള പാസ്‌വേഡ് മാറ്റല്‍ രീതി പിന്തുടരുന്നവരാണെങ്കില്‍ അവരുടെ പാസ്‌വേഡുകള്‍ കണ്ടെത്തി വിവിധ ഡിജിറ്റല്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ പുതിയ യൂസര്‍മാര്‍ക്ക് കഴിഞ്ഞേക്കും.
ു.