കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ബംഗാള്‍ ഘടകം കടുത്ത അതൃപ്തി ഉന്നയിക്കുമ്പോഴും വിഷയത്തില്‍ എതിര്‍പ്പുകളില്ലാതെ നേതൃത്വത്തിന്റെ ഒറ്റക്കെട്ടായ പിന്തുണയുറപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് പിണറായി വിജയന്‍. ആഗോളീകരണ, കോര്‍പ്പറേറ്റ് വല്‍കരണത്തിനെതിരായ പോരാട്ടത്തിനൊപ്പം ബദലുകള്‍ അവതരിപ്പിക്കുകയാണ് കേരളത്തിലെ പാര്‍ട്ടി യുടെ ലക്ഷ്യമെന്ന നില പാടിലാണ് മുഖ്യമന്ത്രി.
പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗത പ്രസംഗത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ച മുഖ്യമന്ത്രി സില്‍വര്‍ ലൈന്‍ വിഷയത്തെ അനുകൂലിച്ച് സംസാരിച്ചിരുന്നു. പദ്ധതി നടപ്പിലാക്കുമെന്ന ധ്വനിയായിരുന്നു പ്രസംഗം. ഇതിലാണ് ബംഗാള്‍ നേതാക്കള്‍ അതൃപ്തിയും അഭിപ്രായവും പങ്കുവെച്ചത്. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കണമെന്നാണ് ബംഗാളിലെ മുതിര്‍ന്ന നേതാക്കളുടെ ആവശ്യം.
നന്ദിഗ്രാം പാഠമാകണം. പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കരുതെന്നും ഭൂപ്രശ്‌നങ്ങള്‍ വലിയ തിരിച്ചടിയാകുമെന്നും കൃത്യ മായ ആലോചനകള്‍ വേണമെന്നുമുള്ള നിര്‍ദേശമാണ് ബംഗാള്‍ ഘടകത്തിലെ മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ടുവെക്കുന്നത്.