X

സില്‍വര്‍ലൈന്‍ പദ്ധതി അറബിക്കടലില്‍

കെ.എം ഷാജഹാന്‍

അത്യപൂര്‍വ്വമായ പാരിസ്ഥിതിക സംഭവ വികാസങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഏതാനും ദിവസം മാത്രം പെയ്ത മഴയെത്തുടര്‍ന്നുണ്ടായ കടുത്ത ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പ്രകൃതി നാശത്തിലും 50 ലധികം പേരാണ് കേരളത്തില്‍ പിടഞ്ഞുമരിച്ചത്. മരിച്ച മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ ഇനിയും തിരികെ ലഭിച്ചിട്ടില്ല. പ്രളയങ്ങള്‍ മൂലമുള്ള അതിദുരിതം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ആ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ അളവില്‍ അതും കുറഞ്ഞ ദിവസങ്ങളില്‍മാത്രം മഴ പെയ്തിട്ടും, കടുത്ത ദുരിതമാണ് ആ മഴ വരുത്തിവെച്ചത്. അതിദുര്‍ബലമായിരിക്കുന്നു കേരളത്തിന്റെ പരിസ്ഥിതി എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്തവണത്തെ മഴമൂലമുണ്ടായ അതിദുരിതവും മരണങ്ങളും.

ഇത്തവണത്തെ ദുരിതവും മരണങ്ങളും വിനാശകരമായതും പരിസ്ഥിതിയെ ആകെ തകര്‍ക്കുന്നതുമായ വികസന നയത്തിന്റെ അത്യാപത്കരമായ പരിണിത ഫലമാണ് എന്നാണ് വിവേകിയായ ഏതൊരു ഭരണാധികാരിയും വിലയിരുത്തുക. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രകൃതിയെ തകര്‍ക്കുന്ന വികസന നയങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുമാത്രമേ നമുക്ക് മുന്നേറാനാവൂ എന്ന് ഭരണകൂടം പ്രഖ്യാപിക്കും എന്നാണ് നാമെല്ലാം പ്രതീക്ഷിച്ചത്. എന്നാല്‍ ഏതാനും ദിവസത്തെമാത്രം മഴ വരുത്തിവെച്ച അതിദുരിതത്തിന്റെയും മരണങ്ങളുടേയും പശ്ചാത്തലത്തില്‍, കേരളത്തിലെ ഭരണത്തലവനായ മുഖ്യമന്ത്രി ചെയ്തതെന്താണ്? കേരളത്തെ 1.25 ലക്ഷത്തിലധികം കോടി രൂപയുടെ കടക്കെണിയിലാക്കുന്ന, കാല്‍ ലക്ഷത്തിലധികം കുടുംബങ്ങളെ കുടിയിറക്കുന്ന, സംസ്ഥാനത്തിന്റെ ഭക്ഷ്യ-ജല കാലാവസ്ഥാ സുരക്ഷയെ ആകെ തകര്‍ക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്ക് അംഗീകാരം വാങ്ങാനായി കേന്ദ്ര റെയില്‍വേ മന്ത്രിയെ സന്ദര്‍ശിക്കുകയാണ് കേരള മുഖ്യമന്ത്രി ചെയ്തത്!

കേരളത്തില്‍ ഉണ്ടായിരിക്കുന്ന കടുത്ത പാരിസ്ഥിതിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍, സില്‍വര്‍ലൈന്‍ പദ്ധതി അറബിക്കടലില്‍ എന്ന് ഏക മനസ്സോടെ ഒരൊറ്റ ശബ്ദത്തില്‍ പറയാന്‍ കേരളീയരാകെ തയ്യാറാവുകയാണ് വേണ്ടത്. തിരുവനന്തപുരത്ത് കൊച്ചുവേളി മുതല്‍ കാസര്‍കോട് വരെ 529.47 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതും നിലവിലുള്ള റെയില്‍വെ പാതക്ക് ഏറെക്കുറെ അടുത്തും അകന്നും സമാന്തരമായി കടന്നുപോകുന്ന ഈ പദ്ധതിക്ക് പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ചെലവ് 63,943 കോടി എന്നാണ് പറയപ്പെടുന്നതെങ്കിലും, പദ്ധതി 2027ല്‍ പൂര്‍ത്തിയാകുമ്പോള്‍ ചെലവ് 1.25 ലക്ഷം കോടി മുതല്‍ 2.10 ലക്ഷം കോടി വരെ ആകാനിടയുണ്ട് എന്ന് കണക്കാക്കപ്പെടുന്നു! കേരള റെയില്‍ ഡെവല്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനമാണ് കേരളത്തില്‍ ഈ പദ്ധതിയുടെ നിര്‍വഹണം നടപ്പിലാക്കുക.

അത്യഭൂതപൂര്‍വ്വമായ കടക്കെണിയിലാണ് കേരളം എന്നോര്‍ക്കണം. 3.50 ലക്ഷത്തിലധികം കോടി രൂപയുടെ കട ബാധ്യത ഇപ്പോള്‍ തന്നെ കേരളത്തിനുണ്ട്. കേരളത്തിലെ പ്രതിശീര്‍ഷ കടം 1 ലക്ഷം രൂപയാണ്! അതായത് ജനിച്ചുവീഴുന്ന ഒരോ കുട്ടിക്കും ഒരു ലക്ഷത്തിന്റെ കട ബാധ്യത എന്നര്‍ത്ഥം. 63,943 കോടി രൂപയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ മുടക്കുമുതല്‍. അതില്‍ 33,00 കോടി രൂപയും വിദേശ വായ്പയാണ്. ആ വിദേശ വായ്പാ ബാധ്യത കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന ആവശ്യവുമായാണ് മുഖ്യമന്ത്രി കേന്ദ്ര റെയില്‍വെ മന്ത്രിയെ സമീപിച്ചത്. എന്നാല്‍ ആ ബാധ്യത ഏറ്റെടുക്കാനാവില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ മറുപടി. തുടര്‍ന്ന് ആ ബാധ്യത കൂടി കേരളം ഏറ്റെടുക്കുന്ന കാര്യം ആലോചിക്കും എന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്! എത്ര അപകടകരമാണ് സ്ഥിതിയെന്ന് കാണുക. 3.50 ലക്ഷത്തിലധികം കോടി രൂപയുടെ കടക്കെണിയില്‍പെട്ട് ഉഴലുന്ന കേരളം 33,000 കോടി രൂപയുടെ വിദേശ കട ബാധ്യതകൂടി ഏറ്റെടുക്കുന്ന കാര്യം ആലോചിക്കുമെന്ന്!

ഇപ്പോഴത്തെ നിലയനുസരിച്ച് 1.25 ലക്ഷത്തിലധികം കോടി രൂപയായി പദ്ധതിയുടെ മുതല്‍മുടക്ക് നിജപ്പെടുത്തിയാല്‍പോലും പദ്ധതിയുടെ വാര്‍ഷിക തിരിച്ചടവ് 8000 ലധികം കോടി രൂപ വരും എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി ശരാശരി 15,000 യാത്രികര്‍ എന്നും, ഒപ്പം അതിവേഗ ചരക്ക് ഗതാഗതം കൂടി ചേര്‍ത്താലും പ്രതീക്ഷിക്കാവുന്ന ശരാശരി വരുമാനം ഏകദേശം 2000 കോടി മാത്രമായിരിക്കും. അതായത് ഭാരിച്ച സാമ്പത്തിക ബാധ്യതയായിരിക്കും ആത്യന്തിക ഫലം! വാര്‍ഷിക ബജറ്റിന്റെ പകുതിയോളം വരുന്ന വന്‍ കടബാധ്യതയുടെ പടുകുഴിയില്‍ ചെന്ന് പതിക്കുന്ന ദുരവസ്ഥയാണ് കേരളത്തെ കാത്തിരിക്കുന്നത് എന്നര്‍ത്ഥം. ജനവാസ മേഖലകളിലൂടെയും വ്യാപാര കേന്ദ്രങ്ങളിലൂടെയുമാണ്, സില്‍വര്‍ലൈന്‍ പദ്ധതിയുടെ 60 കിലോമീറ്റര്‍ ഒഴികെ ബാക്കി 470 കിലോമീറ്ററും കടന്നുപോകുന്നത്. പദ്ധതിക്കായി 3417 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കപ്പെടുക. അങ്ങനെ വരുമ്പോള്‍ സ്വന്തം കിടപ്പാടങ്ങളില്‍നിന്ന് കുടിയൊഴിക്കപ്പെടുക 25,000 കുടുംബങ്ങളായിരിക്കും. ഇതില്‍ ബഹുഭൂരിപക്ഷവും 5-10 സെന്റില്‍ വീടുവെച്ച് ജീവിക്കുന്നവരാണ്. വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയിറക്കപ്പെട്ട മൂലമ്പള്ളിയിലെ 316 കുടുംബങ്ങള്‍ പോലും ഇതുവരെ പൂര്‍ണ്ണമായി പുനരധിവസിക്കപ്പെട്ടിട്ടില്ല എന്ന കാര്യം നാമോര്‍ക്കണം.

അതി ഭീകരമായ പാരിസ്ഥിതിക ദുരന്തമായിരിക്കും കേരളത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി വരുത്തിവെക്കുക. 1,530 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തെക്ക് വടക്കായി കേരളത്തെ ഈ പദ്ധതി രണ്ടായി വെട്ടിമുറിക്കുകയാണ് ചെയ്യുക. ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ കിഴക്ക് മലനിരകളില്‍ നിന്ന് ചെരിഞ്ഞിറങ്ങി താഴേക്ക് സമനിരപ്പും തീരദേശവുമായി ശരാശരി 30-35 കിലോമീറ്റര്‍ മാത്രം വീതിയുള്ളതാണ് കേരളം എന്ന ഭൂ ഭാഗം. അങ്ങനെയുള്ള ഈ ഭൂഭാഗം രണ്ടായി നെടുകെ പിളര്‍ക്കുന്നത് മൂലമുണ്ടാകുന്ന പാരിസ്ഥിതികാഘാതം ചിന്തിക്കാവുന്നതിനും അപ്പുറത്തായിരിക്കും. നദികളും, പുഴകളും നീരൊഴുക്കുകളും മുറിയുകയും കാര്‍ഷിക മേഖല വെള്ളക്കെട്ടുകളാവുകയും കുട്ടനാടന്‍ വയലുകള്‍ വെള്ളം നിറഞ്ഞ് പുറത്തേക്ക് ഒഴുകാതെ കൃഷിക്ക് അനുയോജ്യമല്ലാതാവുകയും ചെയ്യും എന്നതാവും ഇതിന്റെ പരിണിത ഫലം.

225 കിലോമീറ്റര്‍ നീളത്തില്‍ ടണല്‍ നിര്‍മ്മാണം, 70 കിലോമീറ്റര്‍ പാലങ്ങള്‍, 236 കിലോമീറ്റര്‍ എംബാങ്ക്‌മെന്റ്, 10 മീറ്റര്‍ വീതിയില്‍ ശരാശരി നാല് മീറ്റര്‍ ഉയരത്തില്‍ ഒരു കിലോമീറ്ററിന് 40,000 ാ3 മണ്ണ് വേണം എന്ന് കണക്കാക്കപ്പെടുന്നു. (അതായത് 8000 ലോഡ് മണ്ണ്) അതായത് 236 കിലോമീറ്ററിന് വേണ്ടിവരിക 19 ലക്ഷം ലോറി ലോഡ് മണ്ണായിരിക്കും. ഇതിനായി എത്ര കുന്നുകളും മലകളും ഇടിച്ചുനിരത്തേണ്ടിവരും എന്ന് ആലോചിച്ച് നോക്കുക! അതോടൊപ്പം നശിപ്പിക്കപ്പെടുന്ന അമൂല്യമായ ജൈവവൈവിധ്യത്തെക്കുറിച്ചും ആലോചിക്കേണ്ടേ? ഒരു കിലോമീറ്റര്‍ പാളം നിര്‍മ്മിക്കുന്നതിന് 2000ാ3 മെറ്റല്‍ വേണ്ടിവരും എന്നാണ് കണക്ക്. (അതായത് 5000ാ3 പാറ) ഇതാണ് കണക്കെങ്കില്‍ ആകെ പാളത്തിന്റെ പണി തീരുമ്പോള്‍ കേരളത്തില്‍ എത്ര മലകളും പാറകളും അവശേഷിക്കും എന്ന് ചിന്തിക്കുക! വിഴിഞ്ഞത്ത് പുലിമുട്ട് നിര്‍മ്മാണം മൂന്നിലൊന്ന് തീര്‍ന്നപ്പോള്‍ തന്നെ, തെക്കന്‍ കേരള ജില്ലകളിലെ പാറ ഏതാണ്ട് പരിപൂര്‍ണ്ണമായി തന്നെ പൊട്ടിച്ചു കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കായുള്ള പാറ പൊട്ടിക്കല്‍കൂടി നടന്നാല്‍ സ്ഥിതി സ്‌തോഭജനകമായിരിക്കും എന്ന കാര്യത്തില്‍ സംശയമുണ്ടാകുമോ?

സില്‍വര്‍ലൈന്‍ പദ്ധതി അതിവിനാശകരമായ പദ്ധതിയാണ്. ഇപ്പോള്‍തന്നെ 3.50 ലക്ഷം കോടി രൂപയുടെ കടക്കണിയില്‍പെട്ട് ഉഴലുന്ന കേരളത്തിനുമേല്‍ 1.25 ലക്ഷത്തിലധികം കോടി രൂപയുടെ കടബാധ്യത കൂടി കയറ്റിവെക്കുന്ന പദ്ധതിയാണിത്. കാല്‍ ലക്ഷത്തിലധികം കുടുംബങ്ങളെ തങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്ന് കുടിയിറക്കുന്ന പദ്ധതിയാണിത്. കേരളത്തിന്റെ ഭക്ഷ്യ-ജല കാലാവസ്ഥയെ എന്നെന്നേക്കുമായി തകര്‍ത്ത് തരിപ്പണമാക്കുന്ന പദ്ധതിയാണിത്. അതുകൊണ്ട്തന്നെ കേരളത്തിലെ ജനങ്ങള്‍ ഒന്നാകെ ‘സില്‍വര്‍ലൈന്‍ പദ്ധതി അറബിക്കടലില്‍’ എന്ന മുദ്രാവാക്യവും ഉയര്‍ത്തി തെരുവിലിറങ്ങിയേ മതിയാകൂ!.

 

 

 

Test User: