സില്‍വര്‍ലൈന്‍ പദ്ധതിക്കായി കടമെടുക്കുന്ന 33,699 കോടിക്ക് പകരം 40 വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ടി വരുന്നത് രണ്ടു ലക്ഷം കോടിയിലേറെ രൂപ. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ ഏജന്‍സി എന്ന ജൈക്കയില്‍ നിന്നും കാല്‍ ശതമാനം വാര്‍ഷിക പലിശയ്ക്ക് വായ്പ കിട്ടുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. 33,699 കോടിക്ക് 40 വര്‍ഷത്തെ പലിശ 5,093 കോടിയാണ്. 63,940 കോടിയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കുള്ള ചിലവ് കണക്കാക്കിയിരിക്കുന്നത്.
വരും വര്‍ഷങ്ങളില്‍ നിര്‍മാണചിലവ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സിമന്റിന്റേയും കമ്പിയുടെയും വില ഗണ്യമായി വര്‍ധിച്ചു. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ മൊത്തം ചെലവ് 1,33,000 കോടിയിലെത്തുമെന്നാണ് നിതി ആയോഗ് പറയുന്നത്. അങ്ങനെ വന്നാല്‍ പദ്ധതിക്കായി വീണ്ടും ഒരു ലക്ഷത്തോളം കോടി കടമെടുക്കേണ്ടി വരും. അതോടെ മൊത്തം കടബാധ്യത 1,40,000 കോടിയാകും. തിരിച്ചടക്കേണ്ടി വരിക ഏഴ് ലക്ഷത്തോളം കോടിയായി മാറും. സംസ്ഥാന ബജറ്റിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെന്‍ഷനുമായി ചെലവിടുന്ന കേരളത്തിന് ഒരു നൂറ്റാണ്ട് കഴിഞ്ഞാലും ഈ തുക തിരിച്ചടക്കാനാവില്ലെന്നാണ് വിലയിരുത്തല്‍.
ഇതിന് പുറമെ മറ്റൊരു അപകടസാധ്യതയും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.നിലവിലെ രൂപയുടെ മൂല്യഗതിയനുസരിച്ച് ഭാവിയില്‍ ജാപ്പനീസ് യെന്നിന്റെ മൂല്യം കൂടുകയും രൂപയുടെ മൂല്യം താഴുകയും ചെയ്താല്‍ തിരിച്ചടയ്‌ക്കേണ്ട തുക ക്രമാതീതമായി വര്‍ധിച്ചേക്കാം. 2007ല്‍ ഒരു രൂപയ്ക്കു മൂന്ന് ജാപ്പനീസ് യെന്‍ കിട്ടുമായിരുന്നു. ഇന്ന് അത് 1.54 യെന്‍ ആയി കുറഞ്ഞു. അതുപോലെ പദ്ധതിയില്‍ നിന്നുള്ള വരുമാനവും ഉദ്ദേശിക്കുന്നതു പോലെ ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. കെ-റെയില്‍ വിഭാവനം ചെയ്യുന്നത് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 1,457 രൂപയാണ് യാത്രാനിരക്കായി നിശ്ചയിച്ചിട്ടുള്ളത്. 2025-26ല്‍ ഒരു ദിവസം ശരാശരി 79,934 യാത്രക്കാരുണ്ടാകുമെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. ആ വര്‍ഷം 2,276 കോടി വരുമാനമുണ്ടാകുമെന്നും ഡി.പി.ആറില്‍ പറയുന്നു. 2032-33 4,504 കോടിയും 2042-43ല്‍ 10,361 കോടിയും ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ടിക്കറ്റ് നിരക്ക് എല്ലാവര്‍ഷവും 6% വെച്ച് കൂട്ടും എന്നാണ് ഡിപിആറില്‍ പറയുന്നത്. അതായതു അഞ്ചുവര്‍ഷം കഴിയുമ്പോള്‍ 1,950 ആകും ടിക്കറ്റ് നിരക്ക്. 2050ല്‍ 6,253ആണ് ടിക്കറ്റ് നിരക്ക് കണക്കാക്കിയിട്ടുള്ളത്. ഈ പദ്ധതി നടപ്പിലാക്കാനുള്ള ചിലവ് 1,33,000 കോടിയിലെത്തിയാല്‍, ടിക്കറ്റ് നിരക്ക് 79,93 രൂപയായി വര്‍ധിപ്പിക്കേണ്ടി വരും. ഫലത്തില്‍ വിമാനയാത്രയേക്കാള്‍ ചെലവാകും. കോവിഡിന് മുന്‍പ് ദിവസേന രണ്ടേകാല്‍ കോടി പേര്‍ യാത്ര ചെയ്തുകൊണ്ടിരുന്ന ഇന്ത്യന്‍ റയില്‍വെയുടെ ടിക്കറ്റില്‍ നിന്നുള്ള വാര്‍ഷിക വരുമാനം വെറും 48,809 കോടി രൂപയാണ്. കോവിഡിന് ശേഷം അത് 12,409 കോടിയായി കുറഞ്ഞതും കൂടി കണക്കിലെടുത്താല്‍ സില്‍വര്‍ലൈന്‍ കേരളത്തിലെ വരുംതലമുറക്ക് തീരാബാധ്യതയായി മാറുമെന്ന് ഉറപ്പായി.