രമേശ് ചെന്നിത്തല
സില്‍വര്‍ലൈന്‍ എന്ന കെ റെയില്‍ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ് . സില്‍വര്‍ലൈന്‍ എന്നല്ല, കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് സഹായകമാവുന്ന ഒരു പദ്ധതിക്കും ആരും എതിരല്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി, കൊച്ചി സ്മാര്‍ട്ട് സിറ്റി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങി കേരളത്തിന്റെ വികസനത്തിന് നാഴികക്കല്ലായ പദ്ധതികളെല്ലാം യു.ഡി.എഫ് കൊണ്ടുവന്നപ്പോള്‍ അവയെ അട്ടിമറിക്കാന്‍ ആഞ്ഞു ശ്രമിച്ചവരാണ് ഇടതുമുന്നണിക്കാര്‍. ആ നിഷേധ സമീപനം ശരിയല്ല. യാഥാര്‍ത്ഥ്യ ബോധത്തോടെയും ആത്മാര്‍ത്ഥതയോടെയും അവധാനതയോടും കേരളത്തിന്റെ പുരോഗതി ലക്ഷ്യംവെച്ച് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ് വേണ്ടത്. അവ ശാസ്ത്രീയമാകണം. സംസ്ഥാനത്തിന്റെ ജനജീവിതത്തിന് ക്ഷതമേലപിക്കുകയും ചെയ്യരുത്.
പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്യാതെ വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് കണ്‍സള്‍ട്ടന്‍സികളെവെച്ച് കോടികള്‍ മുടിക്കുകയും തട്ടുകയും ചെയ്യുന്ന ഒന്നാം പിണറായി സര്‍ക്കാരിന്റെ ശൈലി തന്നെയാണ് ഇപ്പോഴും പിന്‍തുടരുന്നത്. ഒരു പ്രോജക്ട് റിപ്പോര്‍ട്ടോ, സ്‌കെച്ചോ പോലും ഉണ്ടാക്കുന്നതിന് മുമ്പ് വയനാട് തുരങ്കപ്പാതക്ക് തറക്കല്ലിട്ട മുഖ്യമന്ത്രിയാണ് പിണറായി. ആ തുരങ്കം ഏതു വരെയായി ഇപ്പോള്‍? ഇമൊബിലിറ്റി, കെ ഫോണ്‍ പദ്ധതികളിലും ഇതേ ശൈലി കണ്ടതാണ്. കൊട്ടും കുരവയുമായി വന്ന കെ ഫോണിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടി വരുന്ന ഭീമമായ തുക എവിടെ നിന്ന് കണ്ടെത്തും എന്ന കാര്യത്തില്‍ ഇപ്പോഴും രൂപമില്ല. പദ്ധതി നടപ്പാക്കുമ്പോള്‍ കുടിയിറക്കേണ്ടിവരുന്ന പതിനായിരങ്ങളെ എവിടെ കുടിയിരുത്തുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച് ചര്‍ച്ചകളും നടന്നിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും പദ്ധതിക്ക് ലഭിച്ചിട്ടില്ല. പക്ഷേ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ്. അതാണ് സംശയകരം.
‘സില്‍വര്‍ലൈന്‍’പദ്ധതിക്ക് ഇപ്പോഴത്തെ എസ്റ്റിമേറ്റ് പ്രകാരം ചിലവ് 65000 കോടി രൂപയാണ്. കൃത്യമായി പറഞ്ഞാല്‍ 64,941 കോടി രൂപ. ഇതിന്റെ 28 ശതമാനം (18,200 കോടി) സംസ്ഥാന സര്‍ക്കാരും ഇരുപത് ശതമാനം തുക (13,000 കോടി രൂപ) കേന്ദ്ര സര്‍ക്കാരും നല്‍കണം. ബാക്കി 52 ശതമാനം തുക (34,000 കോടി രൂപ) വിവിധ വിദേശ ഏജന്‍സികളില്‍നിന്നും സമാഹരിക്കാനാണ് സര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്യുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ വരുന്ന 560 കിലോമീറ്റര്‍ ദൂരം സെമി ഹൈ സ്പീഡ് റെയില്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ ഒരു പുതിയ റെയില്‍ പാതയും തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലെ റെയില്‍ പാതക്ക് സമാന്തരമായി പുതിയ പാതയുമാണ് നിര്‍മ്മിക്കുക. (25 മീറ്റര്‍ വീതിയില്‍ 560 കി മി നീളം). ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 200 കി മി). ഇടുക്കി, പാലക്കാട്, വയനാട് ഒഴികെയുള്ള 11 ജില്ലകളിലൂടെ കടന്ന്‌പോകുന്ന റെയില്‍ പാതക്ക് 1483 ഹെക്ടര്‍ ഭൂമി അക്വയര്‍ ചെയ്യണം. ഇതില്‍ 1298 ഹെക്ടര്‍ ഭൂമി സ്വകാര്യ വ്യക്തികളുടേതും 185 ഹെക്ടര്‍ റെയില്‍വേ ഭൂമിയുമാണ്. ഈ പദ്ധതിയുടെ ഫീസിബിലിറ്റി റിപ്പോര്‍ട്ടും ഡിറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടും അലൈന്‍മെന്റുമെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. . സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കാന്‍ 61,000 കോടി രൂപയും റെയില്‍വേയുടെ ഭൂമി ഏറ്റെടുക്കാന്‍ 975 കോടി രൂപയും വേണം. 200 കി.മി വേഗതയില്‍ ട്രെയിന്‍ സഞ്ചരിക്കുമെന്നതിനാല്‍ ഇരുവശത്തും ഭിത്തിയോ ഫെന്‍സിംഗോ വേണം. പദ്ധതിക്കായി 20,000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. 50,000 കച്ചവട സ്ഥാപനങ്ങള്‍ പൊളിക്കേണ്ടിവരും. 145 ഹെക്ടര്‍ നെല്‍വയല്‍ നികത്തപ്പെടും. 1000 മേല്‍പ്പാലങ്ങളോ അടിപ്പാതകളോ നിര്‍മിക്കേണ്ടിവരും.
1989 ലെ റെയില്‍വേ ആക്ട് സെക്ഷന്‍ 21 അനുസരിച്ച് റെയില്‍വേ പോലെ മറ്റൊരു പൊതുഗതാഗത സംവിധാനം ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും ഉത്തരവും വാങ്ങേണ്ടതുണ്ട്. കേന്ദ്ര റെയില്‍വേ മന്ത്രാലയം stand alone cleavted rail cordior നാണ് 2018ല്‍ തത്വത്തില്‍ അനുമതി നല്‍കിയിട്ടുള്ളത്. പക്ഷേ കേരളത്തില്‍ ഭൂനിരപ്പിലൂടെയാണ് പാത കടന്നു പോകുന്നതെന്നാണ് കാണുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സ്‌ക്രീനിങ് കമ്മിറ്റി 2020 ആഗസ്റ്റ് 18 ന് പദ്ധതി വിശദമായി വിലയിരുത്തിയ ശേഷം ഉപേക്ഷിച്ചു എന്നതാണ് വസ്തുത. പദ്ധതി ഉപേക്ഷിക്കുകയാണെന്ന് അറിയിച്ച് 2020 സെപ്തംബര്‍ 3 ന് കേന്ദ്ര ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ബുദ്ധദേവ് തുടു സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും കേന്ദ്ര അനുമതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്ര ധനകാര്യമന്ത്രാലയം ഉപേക്ഷിച്ച പദ്ധതിയാണെന്നും വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം സംസ്ഥാന റവന്യു വകുപ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഫയലില്‍ റവന്യു വകുപ്പ് എഴുതിയത് ഇങ്ങനെയാണ് സെമി സ്പീഡ് റെയില്‍ പ്രോജക്ടിന് തത്വത്തില്‍ അംഗീകാരം നല്‍കിയ ഉത്തരവ് ക്രമപ്രകാരമല്ല. അതിനാല്‍ പദ്ധതിയും നിര്‍മാണത്തിന് ആവശ്യമായ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയശേഷമേ അക്വിസിഷന്‍ നടപടിക്കുള്ള അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കാവൂ…’. എന്നാല്‍ റവന്യു മന്ത്രിയും അംഗീകരിച്ച ഈ നിര്‍ദ്ദേശം മറികടന്നാണ് 22/9/2020 ന് ലാന്റ് അക്വിസിഷന്‍ നടപടികളുമായി മുന്നോട്ട്‌പോകാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്. അതിന്റെ തുടര്‍ നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.
പദ്ധതി നടപ്പിലാക്കാനുള്ള 29 ശതമാനം തുക, അതായത് 13,000 കോടി രൂപ കേന്ദ്ര ധനകാര്യ വകുപ്പാണ് നല്‍കേണ്ടത്. കേന്ദ്രം അംഗീകരിക്കാത്ത സ്ഥിതിക്ക് ഈ കേന്ദ്രവിഹിതം എങ്ങനെ ലഭിക്കും? ഇത്ര ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി സാമൂഹിക ആഘാത പഠനമോ, സാമ്പത്തിക ആഘാത പഠനമോ, പാരിസ്ഥിതിക ആഘാത പഠനമോ നടത്തിയതായി അറിയില്ല. വിവാദ ഫ്രഞ്ച് കമ്പനിയായ സിസ്ട്ര ആണ് പദ്ധതിയുടെ കണ്‍സള്‍ട്ടന്റ്. പ്രൊജക്ട് റിപ്പോര്‍ട്ടും അലൈന്‍മെന്റുമെല്ലാം തയ്യാറാക്കിയത് സിസ്ട്രയാണ്. കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ 3 വര്‍ഷത്തെ കണ്‍സള്‍ട്ടന്‍സി കരാറാണ് സിസ്ട്രക്ക് നല്‍കിയിരിക്കുന്നത്. ഫീസ് 27 കോടി രൂപ. 12.2. കോടി രൂപ നല്‍കുകയും ചെയ്തു. (23920 വരെയുള്ള കണക്ക്). വിദേശത്ത് നിന്നുള്ള പല ധനകാര്യ ഏജന്‍സികളെയും സാമ്പത്തിക സഹായത്തിന് സമീപിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. സംസ്ഥാനത്തിന്റെ ഭൂമി വിദേശ ഏജന്‍സികള്‍ക്ക് പണയംവച്ച് പണം കടമെടുക്കുന്നത് കടുത്ത പ്രത്യാഘാതമുണ്ടാക്കും.
ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആശങ്കകള്‍ ദൂരീകരിക്കണം എന്നും പുനരധിവാസ പാക്കേജ് പ്രസിദ്ധപ്പെടുത്തി ബന്ധപ്പെട്ട കക്ഷികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട്‌പോകണമെന്നും ആവശ്യപ്പെട്ട് 25.11.2020 ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്ത് ബുള്ളറ്റ് ട്രെയിന്‍ എന്ന ആശയം വന്നിരുന്നതാണ്. ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ ഡി.എം.ആര്‍.സി പഠനം നടത്തി പ്രോജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കി. ഇപ്പോഴത്തെ പദ്ധതിയെക്കാള്‍ മികച്ചതാണത്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ സ്പീഡില്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍കൊണ്ട് കാസര്‍കോട്ട് എത്തുന്ന പദ്ധതി. (സില്‍വര്‍ലൈന്‍ നാല് മണിക്കൂറാണ്) ഇത്രയും പണച്ചിലവുമില്ല. അന്ന് പതിവ് പോലെ ഇടതുമുന്നണി പദ്ധതിയെ ശക്തിയായി എതിര്‍ക്കുകയാണ് ചെയ്തത്. ആ പദ്ധതി എന്തിന് ഉപേക്ഷിച്ചു എന്നതിന് സര്‍ക്കാര്‍ മറുപടി നല്‍കണം. മുമ്പ് എക്‌സപ്രസ് ഹൈവേ പദ്ധതി യു.ഡി.എഫ് കൊണ്ടുവന്നപ്പോഴും ഇടതുമുന്നണി അതിശക്തിയാണ് അതിനെ എതിര്‍ത്തത്.
കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള മെഗാ പ്രോജക്ടുകളെല്ലാം ആവിഷ്‌കരിച്ച് നടപ്പാക്കിയത് യു.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്താണ്. പ്രതിപക്ഷത്തേയും പദ്ധതി ബാധിക്കുന്ന ജനതയേയും വിശ്വാസത്തിലെടുത്താണ് യു.ഡി.എഫ് സര്‍ക്കാരുകള്‍ വിജയംകണ്ടത്. ഭാവിയില്‍ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാവുന്ന, ഒരു ലക്ഷം കോടിയോളം രൂപ ചെലവഴിക്കേണ്ടിവരുന്ന പദ്ധതി നേരിട്ട് ബാധിക്കുന്ന ജനങ്ങള്‍ ഇരുട്ടില്‍ത്തപ്പുകയാണ്. ഭൂമി ഏറ്റെടുക്കലിലേക്ക് എടുത്തു ചാടുംമുമ്പ് ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണ്. ഇതു സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ജനസമക്ഷം സമര്‍പ്പിക്കണം.