X

വെള്ളി ശ്രീ-പ്രതിഛായ

പഴയ ബ്രിട്ടീഷ് കോളനി രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര കായിക വേദിയായ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷലോംഗ് ജംപില്‍ രണ്ടാം സ്ഥാനം നേടിയ മലയാളി മുരളി ശ്രീശങ്കറില്‍ സ്‌പോര്‍ട്‌സിന്റെ ശ്രീ തെളിയുന്നത് ഇന്നും ഇന്നലെയുമൊന്നുമല്ല; പിറവിയോടെ തന്നെയാണ്. അച്ഛന്‍ എസ്. മുരളിയും അമ്മ കെ.എസ് ബിജിമോളും ഇന്ത്യക്ക് പ്രിയപ്പെട്ട കായിക താരങ്ങള്‍. ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ട്രിപ്പിള്‍ ജംപിലെ വെള്ളി മെഡല്‍ ജേതാവാണ് മുരളി. ബിജിമോള്‍ ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിലെ മറ്റൊരു വെള്ളിമെഡല്‍ ജേതാവും. പുത്രന്‍ ശ്രീശങ്കറും ബ്രിട്ടനില്‍നിന്ന് കായിക വേദിയിലെ മറ്റൊരു വെള്ളിയുമായി വരാനിരിക്കുമ്പോള്‍ വെള്ളിത്തിളക്കമാണ് പാലക്കാട് യാക്കരയിലെ വീട്ടിലാകെ. ബര്‍മിംഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയാഴ്ച ശ്രീശങ്കര്‍ വെള്ളിപ്പതക്കം നേടുമ്പോള്‍ അത് രാജ്യത്തിനുതന്നെ അത്യപൂര്‍വ നേട്ടമായി. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോംഗ് ജംപില്‍ വെള്ളി മെഡല്‍ നേടുന്നതെന്ന സവിശേഷതയാണത്. നാലിലും പിഴച്ച ശ്രീശങ്കര്‍ അഞ്ചാം ശ്രമത്തിലാണ് 8.08 മീറ്ററോടെ രണ്ടാം സ്ഥാനം ചാടി നേടിയത്. ഒന്നാമന്‍ ബഹാമസ് താരത്തിന് ഇത്ര തന്നെ ദൂരമേ ചാടാനായുള്ളൂ എന്നതിലും ശ്രീശങ്കറിനും ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാം. മറ്റു ശ്രമങ്ങളിലെ നേട്ടമാണ് ഒന്നാമന് തുണയായത്. ശ്രീശങ്കറിന്റെ നേട്ടത്തില്‍ പ്രധാനമന്ത്രിയുടേതുള്‍പ്പെടെ അഭിനന്ദനം പ്രവഹിക്കുകയാണിപ്പോള്‍. പി.ടി ഉഷയും അഞ്ജു ബോബി ജോര്‍ജും ഷൈനി വില്‍സനും സാറാമ്മയും മറ്റും രാജ്യത്തിന് നേടിത്തന്ന യശസ്സിന്റെ ശ്രീ ഒരിക്കല്‍കൂടി തെളിയുകയാണ് ഈ 23 കാരനിലൂടെ.

5 എന്നത് ശ്രീശങ്കറിന്റെ ജീവിതത്തിലെ തുടര്‍ക്കഥയാണ്. 2018ല്‍ ശ്രീശങ്കര്‍ ലോംഗ് ജംപില്‍ ആദ്യമായി ദേശീയറെക്കോര്‍ഡിട്ടതും അഞ്ചാമത്തെ ചാട്ടത്തിലായിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പത്തു വയസ്സിന് താഴെയുള്ളവരുടെ അത്‌ലറ്റിക്‌സ് മല്‍സരത്തില്‍ വാശിപിടിച്ചെത്തിയാണ് തന്നേക്കാള്‍ മുതിര്‍ന്നവരേക്കാള്‍ ഓടി മികച്ച പ്രകടനം കാഴ്ചവെച്ചത്. ശങ്കറിന്റെ ജീവിതത്തില്‍ വഴിത്തിരിവായതും ആ ഓട്ടവും നേട്ടവുമായിരുന്നു. അതോടെ ഓട്ടത്തില്‍നിന്ന് ലോംഗ് ജംപിലേക്ക് മാറി. പിന്നീട് ശ്രീശങ്കറിന് അധികമൊന്നും തിരിഞ്ഞുനോക്കേണ്ടിവന്നില്ല. നിരവധി ദേശീയ റെക്കോര്‍ഡുകള്‍ യുവാവിനെ തേടിയെത്തി. കോമണ്‍വെല്‍ത്ത് ഗെയിംസിലെ പുരുഷ ടീമിന്റെ റെക്കോര്‍ഡ് കൂടിയാണ് ശ്രീശങ്കറിന്റേത്. ഇതുവരെ ഇന്ത്യയുടെ ഈ ഇനത്തിലെ നേട്ടം നാലര പതിറ്റാണ്ട് മുമ്പുള്ളതാണ്. 1978ല്‍ മലയാളി സുരേഷ്ബാബു നേടിയ വെങ്കല മെഡലാണത്. സ്വര്‍ണ മോഹവുമായാണ് ബര്‍മിങ്ങാമിലേക്ക് യാത്രതുടങ്ങിയതെങ്കിലും അവസാന ശ്രമത്തില്‍ ഫൗള്‍ വിധിക്കപ്പെട്ടതോടെ ‘കുടുംബ പാരമ്പര്യം’ കാക്കുകയായിരുന്നു ശ്രീശങ്കര്‍.

സഹോദരിയെപോലെ ഡോക്ടറാകണമെന്ന രക്ഷിതാക്കളുടെ മോഹം വേണ്ടെന്നുവെച്ചാണ് ശ്രീശങ്കര്‍ എം.ബി. ബി.എസ് പ്രവേശനം ലഭിച്ചിട്ടും കായിക മൈതാനം തെരഞ്ഞെടുത്തത്. ആദ്യ രാജ്യാന്തര മെഡല്‍ കരസ്ഥമാക്കുന്നത് ജപ്പാനില്‍ വെച്ചായിരുന്നു. ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ 7.47 മീറ്റര്‍ ചാടിയാണ് വെങ്കല മെഡല്‍ നേടിയത്. വയറുവേനയക്ക് ശസ്ത്രക്രിയ കഴിഞ്ഞ് അധികം വിശ്രമിക്കാതെയായിരുന്നു ജപ്പാനിലേക്കുള്ള യാത്ര. അണ്ടര്‍ 20 ലോക ഒന്നാം നമ്പര്‍ താരവുമാണീ യുവാവ്. ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്തതോടെ ഒന്‍പതാം വയസ്സില്‍ തുടങ്ങിയ ‘ഒളിമ്പന്‍ശങ്കര്‍’ എന്ന ഇമെയില്‍ ഐ.ഡി അര്‍ഥവത്തായി. വീട്ടില്‍ ടീപോയില്‍ വരെയുണ്ട് ഒളിമ്പ്യന്‍ ചിഹ്നം. രണ്ട് ലോക അത്‌ലറ്റിക് മേളകളിലും പങ്കെടുത്തിട്ടുണ്ട്. പിതാവ് തന്നെയാണ് കോച്ച്. കായികരംഗത്ത് മാത്രമല്ല, പഠനത്തിലും മിടുക്ക് തെളിയിച്ചയാളാണ് ശ്രീശങ്കര്‍. പത്തില്‍ എല്ലാറ്റിലും എപ്ലസും പ്ലസ്ടുവില്‍ 96 ശതമാനവും മാര്‍ക്കുംനേടിയാണ് ശങ്കര്‍ എഞ്ചിനീയറിങിന് ചേര്‍ന്നത്. പക്ഷേ അതുപേക്ഷിച്ച് ബി.എസ്‌സിക്ക് ചേര്‍ന്നു. ഇപ്പോള്‍ എം.എസ്.സിക്ക് പഠിക്കുന്നു. സ്‌പോട്‌സും ഒപ്പം പഠനവും എന്നതാണ് ശങ്കറിന്റെ നയം. സഹോദരി ശ്രീപാര്‍വതി തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് എം.ബി.ബി.എസ് വിദ്യാര്‍ഥി.

Test User: