X

സില്‍വര്‍ ലൈന്‍ പദ്ധതി; ഡിപിആര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തള്ളി

കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ സംബന്ധിച്ച് സമര്‍പ്പിച്ച ഡിപിആര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തള്ളി. സാങ്കേതിക പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. റെയില്‍വേ മാനദണ്ഡപ്രകാരം പുതുക്കിയ ഡിപിആര്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലവിലുള്ള റെയില്‍വേ ട്രാക്കുമായി ഇന്റഗ്രേറ്റ് ചെയ്താവണം പുതിയ ട്രാക്കുകള്‍ വരാന്‍. ബ്രോഡ്‌ഗേജ് സംവിധാനത്തില്‍ ആയിരിക്കണം ട്രാക്ക്. സംസ്ഥാനത്തിന് സ്വയം പാത നിശ്ചയിക്കാന്‍ ആകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. പാതകള്‍ പരമാവധി റെയില്‍വേ ട്രാക്കിന് സമാന്തരമായിരിക്കണം. കോച്ചുകളില്‍ കൂട്ടിമുട്ടല്‍ ഒഴിവാക്കാന്‍ കവച് സേഫ്റ്റി സെക്യൂരിറ്റിക്ക് ആവശ്യമായ പ്രൊപ്പോസല്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം

കൃത്യമായ പാരിസ്ഥിതിക അനുമതി പദ്ധതിക്ക് വേണം. നിര്‍മ്മാണ ഘട്ടത്തിലും പ്രവര്‍ത്തനശേഷവും പൂര്‍ണ്ണമായ ഡ്രൈനേജ് സംവിധാനം വേണം. നിലവിലെ പദ്ധതിയുടെ റിപ്പോര്‍ട്ട് തൃപ്തികരമില്ലെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. കെ റെയില്‍ നടപ്പാക്കുന്നതില്‍ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു. ആ തടസങ്ങള്‍ പരിഹരിച്ചു പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണെങ്കില്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.

 

webdesk17: