സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പിന്‍മാറിയില്ലെങ്കില്‍ പിന്‍മാറുന്നതു വരെ യു.ഡി.എഫ് സമരം ചെയ്യും. പാരിസ്ഥിതിക ദുരന്തമുണ്ടാക്കുകയും കേരളത്തെ ശ്രീലങ്കയാക്കുകയും ചെയ്യുന്ന പദ്ധതിയെ എന്തു വില കൊടുത്തും പ്രതിപക്ഷം എതിര്‍ത്ത് തോല്‍പ്പിക്കും. ഇക്കാര്യം നിയമസഭയ്ക്ക് അകത്തും പുറത്തും വ്യക്തമാക്കിയിട്ടുള്ളതുമാണ്. എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്ന് ധാര്‍ഷ്ട്യവും അഹങ്കാരവും നിറഞ്ഞ ഭാഷയിലാണ് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് പറഞ്ഞത്. എന്നാല്‍ വിനയത്തിന്റെ ഭാഷയായിരുന്നു പ്രതിപക്ഷത്തിന്. ആ വിനയം ജയിക്കുമെന്ന് ഉറപ്പാണ് അദ്ദേഹം പറഞ്ഞു.
സമരങ്ങളെ കേസെടുത്ത് തോല്‍പ്പിക്കാനാകില്ല. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ പതിമൂന്ന് ദിവസമായി തിരുവനന്തപുരത്ത് സമരം നടക്കുകയാണ്. ടിയര്‍ ഗ്യാസ് പൊട്ടിച്ചിട്ടും ലാത്തി ചാര്‍ജ് നടത്തിയിട്ടും നിരപരാധികളെ ജയിലിലാക്കിയിട്ടും സമരം തുടരുകയാണ്. സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് തെറ്റായ ധാരണയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്. കൊച്ചില്‍ 19 കാരി പീഡിപ്പിക്കപ്പെട്ടത് മൂന്നാമത്തെ സംഭവമാണ്. നഗരം പൊലീസിന്റെ നിരീക്ഷണത്തിലാണോ? അക്രമികളുടെ കേന്ദ്രമായി കൊച്ചി മാറിയിരിക്കുകയാണ്. പൊലീസിനെ നിയന്ത്രിക്കുന്നത് പാര്‍ട്ടിയാണ്. എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. ജനങ്ങളുടെ ജീവനും മാനവും സംരക്ഷിക്കുന്നതില്‍ ആഭ്യന്തരവകുപ്പും പൊലീസും ദയനീയായി പരാജയപ്പെട്ടിരിക്കുകയാണ്. സ്ത്രീകള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ കഴിയത്ത സര്‍ക്കാരായി എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറി. പാര്‍ട്ടി നേതാക്കള്‍ക്ക് വേണ്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എ.കെ.ജി സെന്ററില്‍ അടിമപ്പണി ചെയ്യുകയാണ്. അതിന്റെ പരിണിതഫലമാണ് നാടിനെ ഞെട്ടിക്കുന്ന ഈ സംഭവങ്ങള്‍ അദ്ദേഹം പറഞ്ഞു.