X

അഞ്ച് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടും ന്യൂസിലാന്റ് ഭീകരാക്രമണത്തെ അപലപിക്കാതെ ഒരു ‘ചൗക്കിദാര്‍’

മാര്‍ച്ച് 15നാണ് ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളില്‍ പ്രാര്‍ഥനക്കെത്തിയവരെ ഭീകരവാദികള്‍ വെടിവച്ചു കൊന്നത്. വെടിവെപ്പില്‍ സ്ത്രീകളും കുട്ടികളുമടക്കം 50 പേര്‍ കൊല്ലപ്പെട്ടു. ലോകം ഒന്നടങ്കം നടുങ്ങിയ ആ ദുരന്തവാര്‍ത്ത കഴിഞ്ഞിട്ട് ഇന്നേക്ക് മൂന്നു ദിവസം. നിരവധി രാഷ്ട്രത്തലവന്മാര്‍ സംഭവത്തില്‍ ഇതിനകം അനുശോചനം രേഖപ്പെടുത്തി. നിരവധി സ്ഥലങ്ങളില്‍ നിന്ന് സഹായ വാഗ്ദാനങ്ങളുണ്ടായി. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുലുക്കമുണ്ടായില്ല. കൊല്ലപ്പെട്ടവരില്‍ അഞ്ച് ഇന്ത്യക്കാര്‍ ഉണ്ടായിട്ടു പോലും സ്വന്തം ട്വിറ്ററിലൂടെ ഒരു അനുശോചനം അദ്ദേഹം രേഖപ്പെടുത്തി കണ്ടില്ല.

ഇതിനിടയില്‍ ട്വിറ്റര്‍ അക്കൗണ്ടിലെ പേര് ‘ചൗക്കിദാര്‍ നരേന്ദ്രമോദി’ എന്നാക്കി മാറ്റാന്‍ അദ്ദേഹത്തിനു സമയമുണ്ടായി. നിങ്ങളുടെ ചൗക്കിദാര്‍ തലയുയര്‍ത്തി രാജ്യത്തെ സേവിക്കുകയാണെന്ന് ജനങ്ങളോട് ട്വിറ്ററിലൂടെ പ്രതികരിക്കാനും അദ്ദേഹം ഉത്തരവാദിത്വം കാണിച്ചു. അപ്പോഴും വൈകാരികമായി ന്യൂസിലാന്റിനെ ചേര്‍ത്തു നിര്‍ത്തുന്ന ഒരു ട്വീറ്റ് മോദി ചെയ്തില്ല.

അതേസമയം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തുടങ്ങി നിരവധി ലോക നേതാക്കള്‍ അനുശോചനവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സുഷമ സ്വരാജ് എന്നിവരും അനുശോചനം രേഖപ്പെടുത്തിയിരുന്നു.

ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളിലുണ്ടായ ആക്രമണത്തില്‍ മഹ്ബൂബ് ഖോക്കര്‍, റാമിസ് വോറ, ആസിഫ് വോറ, അന്‍സി അലി ബാവ, ഒസൈര്‍ ഖാദിര്‍ എന്നീ അഞ്ചു ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്.

web desk 1: