X

ഗുരുദ്വാരകളിൽ കാവിക്കൊടി നിരോധിച്ച് സിഖ് ഉന്നതാധികാര സമിതി; മഞ്ഞ അല്ലെങ്കിൽ നീല ​നിറം ഉപയോഗിക്കാൻ ഉത്തരവ്

സിഖ് ത്രികോണ പതാകയായ നിഷാൻ സാഹിബിൽ കാവി നിറം ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി സിഖ് പരമോന്നത സമിതിയായ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌.ജി.പി.സി). ഗുരുദ്വാരകളിലും സിഖ് ചടങ്ങുകളിലും ഉപയോഗിക്കുന്ന പതാകക്ക് ബസന്തി (മഞ്ഞ) അല്ലെങ്കിൽ സുർമായി (നീല) നിറം ആണെന്ന് ഉറപ്പിക്കണമെന്ന് ഗുരുദ്വാര മാനേജ്‌മെൻറുകൾക്ക് എസ്‌.ജി.പി.സി അയച്ച സർക്കുലറിൽ ആവശ്യപ്പെട്ടു.

അഞ്ച് സിഖ് ഉന്നതാധികാര കേന്ദ്രങ്ങ​െള (തഖ്ത്ത്) പ്രതിനിധീകരിച്ച് ജൂലൈ 15 ന് നടന്ന ജാഥേദാർമാരുടെ അകാൽ തഖ്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ജൂലൈ 26 വെള്ളിയാഴ്ചയാണ് സർക്കുലർ കൈമാറിയത്. 1930കളിൽ പ്രസിദ്ധീകരിച്ച സിഖുകാർക്കുള്ള പെരുമാറ്റച്ചട്ട രൂപരേഖയായ പന്ത് പർവനിത് സിഖ് രേഹത് മര്യാദ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എസ്‌ജിപിസിയുടെ ധർമ പർച്ചാർ കമ്മിറ്റി സിഖ് മതപ്രഭാഷകരോടും ഗുരുദ്വാര മാനേജ്‌മെൻറുകളോടും ആവശ്യപ്പെട്ടു.

പല ഗുരുദ്വാരകളിലും ബസന്തിക്ക് പകരം കാവി നിറത്തിലുള്ള നിഷാൻ സാഹിബ് ഉപയോഗിക്കുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് പുതിയ കളർ കോഡ്. കാവിനിറം സനാതന ധർമ്മത്തെയാണ് സൂചിപ്പിക്കുന്നതെന്നും സിഖ് മതത്തെയല്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. നിഷാൻ സാഹിബിന്റെ നിറത്തെക്കുറിച്ച് സിഖ് സമൂഹത്തിൽ ധാരാളം ആശയക്കുഴപ്പങ്ങളുണ്ടെന്ന് അമൃത്സർ സുവർണ്ണ ക്ഷേത്രം മാനേജർ ഭഗവന്ത് സിംഗ് ധംഗേര മാധ്യമങ്ങളോട് പറഞ്ഞു. “ഈ ആശയക്കുഴപ്പം അവസാനിപ്പിക്കാൻ നിഷാൻ സാഹിബിൻ്റെ നിറം രെഹത് മര്യാദയ്ക്ക് അനുസൃതമായിരിക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെടുന്നു’ -അദ്ദേഹം പറഞ്ഞു.

webdesk13: