വയനാട്ടിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബാവലിക്ക് സമീപമെന്ന് വനംവകുപ്പ്. ബാവലി സെക്ഷനിലെ വനമേഖലയില്‍ നിന്നും ആനയുടെ റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചു. കാട്ടിക്കുളം ബാവലി റോഡിനോട് ചേര്‍ന്ന് ചെമ്പകപ്പാറ പ്രദേശത്താണ് ആനയുള്ളതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
പടമല കുന്നുകളില്‍ നിന്നും പുലര്‍ച്ചെയോടെ ബാവലി റോഡ് മുറിച്ചു കടന്ന ആന മണ്ണുണ്ടി കാടുകളില്‍ എത്തിയിരുന്നു. മൈസൂരു-മാനന്തവാടി റോഡിനോട് ചേര്‍ന്ന് മൂന്നര കിലോമീറ്ററോളം അകലെ ആനപ്പാറ വളവിലെ ഉള്‍വനത്തില്‍ ആനയുള്ളതായാണ് ഒടുവില്‍ സിഗ്നല്‍ ലഭിച്ചിട്ടുള്ളത്.
കേരളത്തിലെ ജനവാസ മേഖലയില്‍ മോഴയാന തുടര്‍ന്നാല്‍ മയക്കുവെടി വെക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. കര്‍ണാടക വനത്തിനുള്ളിലേക്ക് നീങ്ങിക്കഴിഞ്ഞാല്‍ തുടര്‍നടപടി സ്വീകരിക്കേണ്ടത് കര്‍ണാടക സര്‍ക്കാരാണ് എന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. കര്‍ണാടകയില്‍നിന്നു റേഡിയോ കോളര്‍ ധരിപ്പിച്ചുവിട്ട കാട്ടാന ഇന്നലെയാണ് കര്‍ഷകനെ പിന്തുടര്‍ന്നെത്തി ചവിട്ടിക്കൊന്നത്. ടാക്‌സി ഡ്രൈവര്‍ കൂടിയായ പനച്ചിയില്‍ അജീഷാണ് (47) കൊല്ലപ്പെട്ടത്.