ചണ്ഡീഗഡ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണു പാകിസ്താനിലേക്ക് പോയതെന്ന ആരോപണം നിഷേധിച്ച് പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു. ലോകം മുഴുവന്‍ അറിയാവുന്നതു പോലെ പാക് പ്രധാനമന്ത്രിയും സുഹൃത്തുമായ ഇമ്രാന്‍ ഖാന്‍ വ്യക്തിപരമായി ക്ഷണിച്ചതിനാലാണ് കര്‍താര്‍പുര്‍ സിഖ് ഇടനാഴിയുടെ ശിലാസ്ഥാപനത്തില്‍ പങ്കെടുത്തതെന്ന് സിദ്ദു ട്വിറ്ററില്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയാണു തന്റെ ക്യാപ്റ്റന്‍, അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് എല്ലായിടത്തും പോകുന്നതെന്നു വെള്ളിയാഴ്ച സിദ്ദു പറഞ്ഞതു വിവാദമായിരുന്നു. പാകിസ്താന്‍ സന്ദര്‍ശന വേളയില്‍ ഇമ്രാന്‍ ഖാനെ പുകഴ്ത്തിയതും ഖലിസ്ഥാന്‍ നേതാവിനൊപ്പം ചിത്രമെടുത്തതും പ്രതിഷേധത്തിനിടയാക്കി. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നിര്‍ദേശങ്ങള്‍ എന്തുകൊണ്ടു പാലിക്കുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചേദ്യത്തിന്, അദ്ദേഹം ആര്‍മി ക്യാപ്റ്റനാണ്, അദ്ദേഹത്തിന്റെയും ക്യാപ്റ്റനാണ് രാഹുല്‍ ഗാന്ധിയെന്നായിരുന്നു സിദ്ദുവിന്റെ പ്രതികരണം. അമരീന്ദര്‍ സിങ് തനിക്ക് അച്ഛനെ പോലെയാണ്. ഇതാദ്യമായല്ല അദ്ദേഹത്തെ അറിയിക്കാതെ പോകുന്നത്. കഴിഞ്ഞ തവണ മടങ്ങിവരുമ്പോള്‍ വീണ്ടും കാണാമെന്നു പറഞ്ഞിട്ടാണ് പാകിസ്താനില്‍നിന്നു പോന്നത് സിദ്ദു പറഞ്ഞു.