X
    Categories: indiaNews

സിദ്ദു മൂസെവാല വധം: സി.ബി.ഐയോ എന്‍.ഐ.എയോ അന്വേഷിക്കണമെന്ന് കുടുംബം

കോണ്‍ഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം.സി.ബി.ഐയോ,എന്‍.ഐ എയോ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.എന്നാല്‍ കൊലപാതകത്തിന് പിന്നിലെ ഗുണ്ടസംഘം പിടിയിലായതായി പോലീസ് അറിയിക്കുന്നു.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസെവാല (28) അക്രമികളുടെ വെടിയേറ്റു മരിച്ചത്.. പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വെച്ചാണ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ജീപ്പില്‍ സഞ്ചരിക്കവെ സിദ്ദുവിന് വെടിയേറ്റത്. സുഹൃത്തുക്കള്‍ക്കും സാരമായി പരിക്കേറ്റു. ജവഹര്‍കെ ഗ്രാമത്തിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. സിദ്ദുവിനു നേരേ 30 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സിദ്ദു ഉള്‍പ്പെടെ 424 വി.ഐ.പികളുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ കഴിഞ്ഞദിവസമാണ് പിന്‍വലിച്ചത്. സംഭവത്തില്‍ ആം ആദ്മി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.

എന്ത് അടിസ്ഥാനത്തിലാണ് സിദ്ദുവിന്റെ സുരക്ഷ നീക്കം ചെയ്തതെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ചരണ്‍ സിങ് സപ്ര പറഞ്ഞു. സ ര്‍ക്കാര്‍ തീരുമാനം അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മാന്‍സയില്‍നിന്ന് ജനവിധി തേടിയെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു. ശുഭ്ദീപ് സിങ് സിദ്ദു എന്നാണ് സിദ്ദു മൂസെവാലയുടെ യഥാര്‍ഥ പേര്.

Chandrika Web: