X
    Categories: Culture

പാക് സൈനിക മേധാവിയെ ആലിംഗനം ചെയ്ത സിധുവിനെതിരെ രാജ്യദ്രോഹ കേസ്

അമൃത്‌സര്‍: പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ ആലിംഗനം ചെയ്ത പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിധുവിനെതിരെ രാജ്യദ്രോഹ കേസ്. മുന്‍ ക്രിക്കറ്റ് താരമായ സിധുവിന്റെ പ്രവൃത്തി രാജ്യത്തെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് സുധുര്‍ ഓജ എന്ന അഭിഭാഷന്‍ മുസഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

മുന്‍ ക്രിക്കറ്റ് താരമായ ഇംറാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് കഴിഞ്ഞ ഞായറാഴ്ച സിധു പാകിസ്താനിലെത്തിയത്. ചടങ്ങിനിടെ ബജ്വ തന്നെ ഇങ്ങോട്ട് ആലിംഗനം ചെയ്യുകയാണുണ്ടായതെന്നും കര്‍താര്‍പൂരിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് പഞ്ചാബിലെ സിഖ് വംശജര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചതായും സിധു പറഞ്ഞു.

മുന്‍ സൈനിക ഉദ്യോഗസ്ഥനായ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടന്‍ അമരീന്ദര്‍ സിങ്, സിധുവിന്റെ ആലിംഗനത്തെ വിമര്‍ശിച്ചിരുന്നു. നിരവധി ഇന്ത്യന്‍ സൈനികര്‍ പാകിസ്താനുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അവരുടെ സൈനിക മേധാവിയെ ആലിംഗനം ചെയ്യുന്നതിന് താന്‍ എതിരാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് തന്റെ തന്നെ റെജിമെന്റിലെ ഒരു സൈനികന്‍ പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ട കാര്യവും അമരീന്ദര്‍ സിങ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: